അധികം വൈകാതെ ഗ്രാമങ്ങളില്‍ നിന്ന് പോലും ഈ സ്ഥാപനങ്ങള്‍ അപ്രത്യക്ഷമാകും, കാരണം മലയാളിയുടെ പുതിയ ശീലം

Monday 21 October 2024 8:55 PM IST

കാലത്തിന് അനുസരിച്ച് കോലം മാറുന്നതില്‍ എന്നും ഒരുപടി മുന്നിലാണ് മലയാളി സമൂഹം. നാട്ടിലായാലും വിദേശത്ത് ആയാലും ആ ശീലം മാറ്റമില്ലാതെ തുടരുന്നു. ഈ പ്രവണത മലയാളിയുടെ ഷോപ്പിംഗ് സംസ്‌കാരത്തേയും ബാധിച്ചിട്ടുണ്ട്. പണ്ട് കാലത്ത് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ മലയാളികള്‍ ചന്തകളേയാണ് ആശ്രയിച്ചിരുന്നത്. പിന്നീട് സൂപ്പര്‍മാര്‍ക്കറ്റുകളുടെ കടന്നുവരവോടെ ഈ രീതിയില്‍ മാറ്റം വന്നു. നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ആദ്യകാലങ്ങളില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഗ്രാമങ്ങളിലേക്കും വേരുറപ്പിച്ച സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഇന്ന് നിലനില്‍പ്പ് പോലും അപകടത്തിലായ അവസ്ഥയിലാണ്.

അതിന് കാരണമായതാകട്ടെ വന്‍കിട മാളുകളും ഒപ്പം ഓണ്‍ലൈന്‍ ഷോപ്പിംഗുമാണ്. ആദ്യകാലത്ത് മാളുകള്‍ വന്‍കിട നഗരങ്ങളില്‍ മാത്രമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇന്ന് ചെറുപട്ടണങ്ങളിലും ഗ്രാമീണ മേഖലയിലും വരെ മാളുകളും മിനി മാളുകളും സാന്നിദ്ധ്യം അറിയിക്കുന്നു. മാളുകള്‍ വന്നതോടെ നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ സിനിമ കാണലും ഭക്ഷണം കഴിക്കലും മറ്റ് വിനോദങ്ങളും ഒറ്റക്കുടക്കീഴില്‍ നടക്കുമെന്ന സ്ഥിതിയായി. ഗതാഗതക്കുരുക്കും പാര്‍ക്കിംഗ് പ്രശ്‌നങ്ങളും അലട്ടിയിരുന്ന മലയാളിക്ക് അത് വലിയ അനുഗ്രഹമായി മാറി. സാധനങ്ങള്‍ വാങ്ങാന്‍ കയറി ഇറങ്ങി അലയേണ്ടതില്ലെന്ന ആനുകൂല്യവും കൂടിയായപ്പോള്‍ മാളുകള്‍ ജീവിതശൈലിയുടെ ഭാഗമായി.

നഗരങ്ങളില്‍ നിന്ന് ഈ ഘട്ടത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ പതിയെ ഔട്ടായി തുടങ്ങിയെങ്കിലും ഗ്രാമീണ മേഖലയില്‍ സാന്നിദ്ധ്യം ഉണ്ടായിരുന്നു. എന്നാല്‍ മിനി മാളുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലും സാന്നിദ്ധ്യം വര്‍ദ്ധിച്ചപ്പോള്‍ പ്രാദേശിക സൂപ്പര്‍മാര്‍ക്കറ്റ് നടത്തിപ്പുകാര്‍ വെട്ടിലായി. കസ്റ്റമേഴ്‌സിന്റെ എണ്ണം ഗണ്യമായി തന്നെ കുറഞ്ഞു. കൊവിഡ് കാലത്തിന് ശേഷം ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്താല്‍ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വീട്ടിലെത്തിക്കുന്ന സംഘങ്ങളും പെരുകിയതോടെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയായി. ഇതിനോടൊപ്പം മാളുകളിലും ഓണ്‍ലൈന്‍ സൈറ്റുകളിലും ഓഫര്‍ പെരുമഴ കൂടിയായപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ പരുങ്ങലിലായി.

മുമ്പ് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം അടക്കമുള്ള നഗരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഓണ്‍ലൈന്‍ വമ്പന്മാരുടെ പ്രവര്‍ത്തനമെങ്കില്‍ ഇപ്പോള്‍ തീരെ ചെറിയ ഗ്രാമങ്ങളിലേക്ക് പോലും അവര്‍ കടന്നെത്തി. ചെറുകിട കച്ചവടക്കാരുടെ നട്ടെല്ലൊടിച്ച ഓണ്‍ലൈന്‍ കടന്നുകയറ്റം ഇപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. കേരളത്തിലെ ഓണ്‍ലൈന്‍ വ്യാപാരം 2014 ല്‍ ഒരു ശതമാനത്തില്‍ താഴെ ആയിരുന്നു. ഇന്നിത് 25 ശതമാനത്തിന് മുകളിലാണ്. ഈ കടന്നുകയറ്റവും സുപ്പര്‍ മാര്‍ക്കറ്റ് മേഖലക്ക് വെല്ലുവിളിയാണ്. പല സൂപ്പര്‍മാര്‍ക്കറ്റ് ഉടമകളും ജീവനക്കാരുടെ എണ്ണം കുറച്ചാണ് പ്രതിസന്ധിയെ മറികടക്കാന്‍ ശ്രമിക്കുന്നത്. ഇപ്പോഴത്തെ ട്രെന്‍ഡ് തുടരുന്ന സാഹചര്യത്തില്‍ അധികം വൈകാതെ സൂപ്പര്‍മാര്‍ക്കറ്റ് എന്ന ശൃംഖല വെറും ഓര്‍മ്മയായി മാറും.