ശബരിമല: തിരക്ക് നിയന്ത്രണം പാളിയത് പൊലീസിന്റെ കുറവിൽ
ശബരിമല : മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് തിരക്ക് നിയന്ത്രണത്തിന് കർശന സംവിധാനം വേണമെന്ന് ദേവസ്വം ബോർഡ്. തുലാമാസ പൂജയ്ക്കിടെ തിരക്ക് നിയന്ത്രിക്കുന്നതിലുണ്ടായ പാളിച്ചയുടെ പശ്ചാത്തലത്തിലാണിത്.
തുലാമാസ പൂജയ്ക്ക് അര ലക്ഷത്തിലധികം തീർത്ഥാടകർ വീതമെത്തിയ 18നും 19നും മതിയായ പൊലീസ് വേണമെന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു ആവശ്യപ്പെട്ടിട്ടും നൽകിയിരുന്നില്ല. തീർത്ഥാടകരെ കയറ്റിവിടുന്നതിന് പതിനെട്ടാം പടിയിൽ പരിചയ സമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചുമില്ല. ഇതുമൂലമാണ് തിരക്ക് നിയന്ത്രിക്കാനാകാതെ വന്നത്. 1,36,000 പേരാണ് ഈ ദിവസങ്ങളിലെത്തിയത്. ഒരു മിനിറ്റിൽ 35 മുതൽ 40വരെ തീർത്ഥാടകർ മാത്രമാണ് ഈ രണ്ടു ദിവസവും പടികയറിയത്. ഒരുമിനിറ്റിൽ 80 മുതൽ 85വരെ പേരെയെങ്കിലും കടത്തിവിട്ടാലേ തിരക്ക് നിയന്ത്രിക്കാനാകു.
മണിക്കൂറുകളോളം ക്യൂവിൽ നിൽക്കുന്ന തീർത്ഥാടകർക്ക് കുടിവെള്ളവും ലഘുഭക്ഷണവും നൽകുന്നതിലും വീഴ്ച സംഭവിച്ചു. സന്നിധാനത്തുണ്ടായിരുന്ന സ്‌പെഷ്യൽ ഓഫീസർ ആർ.ജയകൃഷ്ണൻ ഇടപെട്ടതോടെയാണ് ഇതിന് പരിഹാരം കണ്ടത്
□തുലാമാസ പൂജയ്ക്കെത്തിയത് - 2.50 ലക്ഷം തീർത്ഥാടകർ
□തിരക്ക് നിയന്ത്രിക്കാനാകാതെ വന്ന 18നും 19നും എത്തിയത് 1,36000 പേർ.
മണ്ഡല മകരവിളക്ക് കാലത്ത്
□ഓൺലൈൻ ബുക്കിംഗിലൂടെ ഒരുദിവസം 70000 പേർക്ക് ദർശനം
□സ്പോട്ട് ബുക്കിംഗിലൂടെ 10000 പേർക്കോളം ദർശനം
നട അടച്ചു
തുലാമാസ പൂജകൾ പൂർത്തിയാക്കി ഇന്നലെ രാത്രി 10ന് നടയടച്ചു. ചിത്തിര ആട്ട വിശേഷത്തിന് 30ന് തുറക്കും. 31നാണ് ആട്ട ചിത്തിര. അന്ന് പടിപൂജ ഉൾപ്പടെ എല്ലാ വിശേഷ പൂജകളും ഉണ്ടാകും