വൈദ്യുതി സേവനങ്ങൾക്ക് ജി.എസ്.ടി ഒഴിവാക്കി

Tuesday 22 October 2024 12:00 AM IST

തിരുവനന്തപുരം: വൈദ്യുതി മീറ്റർ വാടകയ്ക്കും പുതിയ കണക്ഷനുമുൾപ്പെടെ വൈദ്യുതി സേവനങ്ങൾക്ക് ഏർപ്പെടുത്തിയ ജി.എസ്.ടി പൂർണമായും ഒഴിവാക്കിയത് ഉപഭോക്താക്കൾക്ക് ആശ്വാസമാകും. ഇതുമൂലം സംസ്ഥാന സർക്കാരിന് വരുമാന നഷ്ടമുണ്ടാവുക വർഷത്തിൽ നൂറ് കോടിയിൽ താഴെ മാത്രം.

ജി.എസ്.ടി നടപ്പാക്കുന്നതുവരെ വൈദ്യുതി സേവനങ്ങൾക്കും പ്രസരണ, വിതരണ ഇടപാടുകൾക്കും നികുതിയുണ്ടായിരുന്നില്ല. 2017ൽ ജി.എസ്.ടി നടപ്പാക്കിയപ്പോൾ പ്രസരണവിതരണ മേഖലയെ നികുതിയിൽ നിന്ന് ഒഴിവാക്കി. എന്നാൽ വൈദ്യുതിയുമായി ബന്ധപ്പെട്ട മറ്റു സേവനങ്ങളെക്കുറിച്ച് പ്രത്യേക തീരുമാനമുണ്ടാകാത്തതോടെ ഇവയെ പൊതുവായ സേവന വിഭാഗത്തിൽ ഉൾപ്പെടുത്തി 18% ജി.എസ്.ടി ബാധകമാക്കി.

വൈദ്യുതി ഉപയോഗിക്കുന്ന കമ്പനികൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വരുമാനം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടായിരുന്നു ഇൗ നടപടി. എന്നാൽ, ഇത് പൊതുജനങ്ങൾക്ക് കാര്യമായ ബാദ്ധ്യതയുണ്ടാക്കി. ഇതടക്കം ശ്രദ്ധയിൽപെട്ടതോടെയാണ് ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കാൻ കഴിഞ്ഞദിവസം ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗം തീരുമാനിച്ചത്.

നികുതിയൊഴിവ്

ലഭിക്കുന്നവ

മീറ്റർവാടക, മീറ്ററും ലൈനുകളും മാറ്റുന്നത്, വൈദ്യുതി കണക്ഷനുള്ള അപേക്ഷ, ഡ്യൂപ്ലിക്കേറ്റ് ബിൽ തുടങ്ങിയ സേവനങ്ങൾക്ക്

എന്നാൽ, പോസ്റ്റ് മാറ്റിയിടൽ പോലുള്ള ജോലികൾ കരാർ കൊടുത്താണ് ചെയ്യിക്കുന്നത്. ഇത് സേവന വിഭാഗത്തിലാണോ കരാർ വിഭാഗത്തിലാണോ എന്നതിൽ സാങ്കേതിക പ്രശ്നമുണ്ട് സേവന വിഭാഗത്തിലാണെങ്കിൽ ഇതിനും നികുതിയൊഴിവ് ലഭിക്കും. ഇക്കാര്യത്തിൽ വിജ്ഞാപനം പരിശോധിച്ചും ജി.എസ്.ടി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തും കെ.എസ്.ഇ.ബി തീരുമാനമെടുക്കും