കാരണം ഗവർണർ- സർക്കാർ പോര് സ്ഥിരം വി.സിമാരില്ല, വാഴ്സിറ്റികൾ സ്തംഭനത്തിൽ
തിരുവനന്തപുരം:ഡിജിറ്റൽ, ആരോഗ്യ സർവകലാശാലകളിലെ വൈസ്ചാൻസലർമാർ ഈമാസം 24നും 27നും വിരമിക്കുന്നതോടെ കേരളത്തിൽ ആദ്യമായി ഒറ്റയൂണിവേഴ്സിറ്രിയിലും സ്ഥിരം വി.സിയില്ലാതാവും. ഏതെങ്കിലും പ്രൊഫസർക്ക് വി.സിയുടെ ചുമതല നൽകുമെങ്കിലും നിയമനമടക്കം സുപ്രധാന തീരുമാനങ്ങളെടുത്ത് പുലിവാല് പിടിക്കാൻ ഇൻ-ചാർജ്ജ് വി.സിമാർ തയ്യാറാവാത്തതിനാൽ മിക്കയിടത്തും ഭരണസ്തംഭനമാണ്. ഇൻ-ചാർജ്ജ് വി.സിമാരെ റബർസ്റ്റാമ്പുകളാക്കി സിൻഡിക്കേറ്റിലെ രാഷ്ട്രീയക്കാരാണ് ഇപ്പോൾ വാഴ്സിറ്റികൾ ഭരിക്കുന്നത്. പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവുമൊഴിച്ചുള്ള കാര്യങ്ങളെല്ലാം ഇഴയുകയാണ്. വിദ്യാർത്ഥികളുടെ പരാതിപരിഹാരമടക്കം പ്രതിസന്ധിയിലാണ്. 2022ഒക്ടോബർ മുതലുള്ള വി.സി ഒഴിവുകളിൽ ഇതുവരെ നിയമനം നടത്താനായിട്ടില്ല.
ഗവർണറും സർക്കാരുമായുള്ള തർക്കമാണ് വി.സിമാരെ നിയമിക്കുന്നതിന് തടസം. സർവകലാശാലാ നിയമപ്രകാരം സെർച്ച് കമ്മിറ്റികളിൽ സെനറ്റ്/ സിൻഡിക്കേറ്റ് പ്രതിനിധി നിർബന്ധമാണ്. പ്രതിനിധിയെ നൽകാൻ സെനറ്റ് തയ്യാറല്ല. വൈസ്ചാൻസലർ നിയമനത്തിൽ ചാൻസലറാണ് തീരുമാനമെടുക്കേണ്ടതെന്നും അത് അന്തിമമാണെന്നും സുപ്രീംകോടതി ഉത്തരവുണ്ട്. എന്നാൽ എല്ലായിടത്തേക്കും ഗവർണർ രൂപീകരിച്ച സെർച്ച്കമ്മിറ്റിക്ക് ബദലായി സർക്കാർ സ്വന്തംസെർച്ച്കമ്മിറ്റിയുണ്ടാക്കുകയും അവ കേസിൽ കുരുങ്ങുകയുമായിരുന്നു. ഭരണഘടനയുടെ അനുച്ഛേദം-162 പ്രകാരം വി.സിനിയമനം സർക്കാരിന്റെ അധികാരമാണെന്ന് വ്യാഖ്യാനിച്ചാണ് സർക്കാർ സെർച്ച്കമ്മിറ്റികളുണ്ടാക്കുന്നത്.
ഗവർണർ മാറുംവരെ വി.സി നിയമനങ്ങൾകേസിൽ കുരുങ്ങുന്നതാണ് സർക്കാരിനും താത്പര്യം. അതിനായാണ് സ്വന്തംസെർച്ച്കമ്മിറ്റികളുണ്ടാക്കി, ഗവർണറുടെ കമ്മിറ്റിക്കെതിരേ കോടതിയിൽ പോവുന്നത്. സർക്കാരിന്റെ താത്പര്യത്തിന് വിരുദ്ധമായി ഗവർണർ വി.സിമാരെനിയമിക്കുമെന്നാണ്ആശങ്ക. വി.സിമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഡോ.മേരിജോർജിന്റെ ഹർജി ഹൈക്കോടതിയിലുണ്ട്.
നിയമനമില്ല, തീരുമാനങ്ങളെടുക്കില്ല
താത്കാലിക വി.സിമാർ പ്രധാനതീരുമാനങ്ങളെടുക്കുന്നില്ല. വികസനപദ്ധതികളും അക്കാഡമിക് പ്രവർത്തനങ്ങളുമടക്കം സ്തംഭനത്തിൽ
അദ്ധ്യാപക നിയമനങ്ങളടക്കം കാര്യമായി നടക്കുന്നില്ല. മിക്കയിടത്തും താത്കാലികഅദ്ധ്യാപകർ.
മറ്റുവാഴ്സിറ്റികളിലെ പ്രൊഫസർമാരായ ഇൻ-ചാർജ്ജുമാരെ കാണാനോ പരാതികൾ അറിയിക്കാനോ വിദ്യാർത്ഥികൾക്കും കഴിയുന്നില്ല.
രണ്ട് വർഷം വരെയായ ഒഴിവുകൾ
കാർഷികം--------------2022ഒക്ടോബർ
സാങ്കേതികം----------2022ഒക്ടോബർ
കേരള--------------------2022ഒക്ടോബർ
ഫിഷറീസ്----------------2022നവംബർ
മലയാളം-----------------2023ഫെബ്രുവരി
കുസാറ്റ്------------------2023ഏപ്രിൽ
എം.ജി--------------------2023മേയ്
കണ്ണൂർ-------------------2023ഡിസംബർ
ഓപ്പൺ-------------------2024ഫെബ്രുവരി
സംസ്കൃതം----------------2024മാർച്ച്
വെറ്ററിനറി---------------2024മാർച്ച്
കാലിക്കറ്റ്----------------2024ജൂലായ്
ഡിജിറ്റൽ----------------ഒക്ടോബർ24
ആരോഗ്യം---------------ഒക്ടോബർ27
13ലക്ഷം
കേരളത്തിൽ ഉന്നതവിദ്യാഭ്യാസം നടത്തുന്നവർ
40,000
മലയാളികൾ പ്രതിവർഷം വിദേശപഠനത്തിന്
''വി.സിമാരെ നിയമിക്കേണ്ടത് ഞാൻ. ആവർത്തിച്ചാവശ്യപ്പെട്ടിട്ടും സർവകലാശാലകൾ പ്രതിനിധികളെ നൽകുന്നില്ല''
-ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ
''ചാൻസലറുടെ ഇടപെടലുകൾ ഉന്നതവിദ്യാഭ്യാസ രംഗത്തെ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തടസം.''
-മന്ത്രി ആർ.ബിന്ദു