യൂണിഫോം ഇടാൻ നിർബന്ധിക്കുന്നത് ബാലനീതി ലംഘനമല്ല: ഹൈക്കോടതി

Tuesday 22 October 2024 12:00 AM IST

കൊച്ചി: കളർ ഡ്രസ് ധരിച്ച് സ്കൂളിലെത്തിയ കുട്ടിയോട് യൂണിഫോമിട്ടു വരാൻ നിർബന്ധിച്ച പ്രിൻസിപ്പളിനെതിരെ ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. തൃശൂർ ജില്ലയിലെ ഒരു വിദ്യാലയത്തിലെ പ്രിൻസിപ്പൽ നൽകിയ ഹ‌ർജി പരിഗണിച്ചാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. അദ്ധ്യാപികയുടെ നിർദ്ദേശം സ്കൂളിന്റെ അച്ചടക്കം മാനിച്ചാണെന്നും അത് അനുസരിക്കേണ്ടത് വിദ്യാർത്ഥികളുടെ കടമയാണെന്നും കോടതി വിലയിരുത്തി.

എട്ടാം ക്ലാസ് വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള പൊലീസിന്റെ അന്തിമ റിപ്പോർട്ടും വടക്കാഞ്ചേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ കേസിന്റെ തുടർനടപടികളുമാണ് റദ്ദാക്കിയത്. 2020 മാർച്ച് രണ്ടിന് പരീക്ഷയുടെ മാർക്കറിയാനും പുതിയ പുസ്തകങ്ങൾ വാങ്ങാനുമായി കളർ ഡ്രസിട്ടാണ് കുട്ടി എത്തിയത്. വരാന്തയിലുണ്ടായിരുന്ന പ്രിൻസിപ്പൽ, കുട്ടിയുടേത് 'ബൾക്കി" ശരീരമാണെന്നു കമന്റ് പറയുകയും യൂണിഫോം ധരിച്ച് വരാൻ നിർദ്ദേശിച്ച് തിരിച്ചയയ്‌ക്കുകയും ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്.

അവധിക്കാലമായതിനാൽ യൂണിഫോം നിർബന്ധമല്ലായിരുന്നെന്ന് കുട്ടിയുടെ മൊഴിയുണ്ട്. എന്നാൽ, അക്കാഡമിക് വർഷം പൂർത്തിയായിട്ടില്ലാത്തതിനാൽ യൂണിഫോം വേണ്ടിയിരുന്നുവെന്ന് പ്രിൻസിപ്പൽ ചൂണ്ടിക്കാട്ടി. പരാതിക്കാരിയായ കുട്ടിയുടെ അമ്മ അതേ സ്കൂളിൽ അദ്ധ്യാപികയാണ്. പരീക്ഷാ ഡ്യൂട്ടിയിൽ ശ്രദ്ധക്കുറവുണ്ടായതിന് അവർക്ക് മെമ്മോ നൽകിയിരുന്നു. ഇതിന് പ്രതികാരമായാണ് മകൾ മുഖേന പരാതി നൽകിയതെന്നും വാദിച്ചു. കുട്ടിയുടെ മൊഴിയടക്കം പരിശോധിച്ച ഹൈക്കോടതി, ബാലനീതി നിയമത്തിന്റെ ലംഘനമുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി.