വോട്ടു ചോർച്ച ഭയന്ന് ഇടത്, വലത് മുന്നണികൾ

Tuesday 22 October 2024 12:51 AM IST

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിയമസഭാ മണ്ഡലങ്ങളിൽ യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾ വോട്ട് ചോർച്ച ഭയക്കുമ്പോൾ ബി.ജെ.പിയിൽ പടലപ്പിണക്കങ്ങൾ രൂക്ഷമാവുന്നു. പോരാട്ടം മുറുകുന്ന പാലക്കാട്ടെ സ്ഥാനാർത്ഥികളെ ചൊല്ലി മുഖ്യധാരാ പാർട്ടികളിൽ കലാപവും ഉടലെടുത്തിട്ടുണ്ട്.

കോൺഗ്രസിൽ സീറ്റ് നിഷേധിക്കപ്പെട്ട പി. സരിൻ ഉയർത്തിയ കലാപക്കൊടി മുതലെടുത്ത എൽ.ഡി.എഫ് അദ്ദേഹത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കിയാണ് മണ്ഡലം തിരികെ പിടിക്കാൻ നീക്കം നടത്തുന്നത്.സി.പി.എമ്മിനെയും,മുഖ്യമന്ത്രിയെയും തൊട്ടുമുമ്പുള്ള ദിവസം വരെ വിമർശിച്ചിരുന്ന സരിൻ ഇടതുപക്ഷത്ത് ചേക്കേറിയത് സീറ്റ് ലക്ഷ്യമിട്ടാണെന്ന യു.ഡി.എഫ് വാദത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ സി.പി.എമ്മിനായിട്ടില്ല. ഇതിന് പുറമേ ,നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പാർട്ടിക്കുള്ളിലെ ഭിന്നസ്വരങ്ങളും സർക്കാരിനും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരായ ആരോപണങ്ങളും വോട്ട് ചോർച്ചയ്ക്ക് കാരണമാകുമോയെന്ന ആശങ്കയുണ്ട്.

യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായ രാഹുൽ മാങ്കൂട്ടത്തിലിനെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കിയത് മുൻ എം.എൽ.എ ഷാഫി പറമ്പിലിന്റെ പിടിവാശിയാണെന്ന വാദമാണ് കോൺഗ്രസിൽ ഉയരുന്നത്. മണ്ഡലത്തിന് പുറത്ത് നിന്നുള്ളയാളെ മത്സരിപ്പിക്കേണ്ടതിന്റെ ആവശ്യകതയെന്താണെന്ന ചോദ്യമുയർത്തി ജില്ലയിലെ യൂത്ത് കോൺഗ്രസ് , കോൺഗ്രസ് ഭാരവാഹികളും രംഗത്തുണ്ട്. ഇതിന് പുറമേ, അൻവറിന്റെ രാഷ്ട്രീയ കൂട്ടായ്മയായ ഡി.എം.കെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നതും യു.ഡി.എഫിന് ക്ഷീണം ചെയ്‌തേക്കും.

സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള കോലാഹലങ്ങൾ ബി.ജെ.പിയിലും അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. ജയ സാദ്ധ്യത മുൻനിർത്തി പാലക്കാട് മണ്ഡലത്തിൽ ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം നടന്നില്ല. ഇതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളോട് മുഖം തിരിച്ചിട്ടുണ്ട്. ചേലക്കരയിലും വയനാട് ലോക്സഭാ സീറ്റിലും സ്ഥാനാർത്ഥികൾ ശക്തരല്ലെന്ന വികാരവും പാർട്ടിയിലുണ്ടെന്ന സൂചനകളും പുറത്ത് വരുന്നു.