കെ.എസ്.ആർ.ടി.സിയിൽ നോ എൻട്രി: ജീവനക്കാരെ കുറയ്ക്കൽ  ലക്ഷ്യം കണ്ടിട്ടും നിയമനമില്ല

Tuesday 22 October 2024 1:37 AM IST

തിരുവനന്തപുരം: ജീവനക്കാരും ബസും തമ്മിലുള്ള അനുപാതം 5.5 ആയി കുറയ്ക്കാൻ ലക്ഷ്യമിട്ട കെ.എസ്.ആർ.ടി.സി, അതു കൈവരിച്ചിട്ടും പുതിയ നിയമനങ്ങൾ നടത്താൻ തയ്യാറല്ല. അനുപാതം 5.03 ആയി കുറഞ്ഞിരിക്കുകയാണ്.

എട്ടു വർഷം മുമ്പ് അനുപാതം 8 വരെ എത്തിയതിനെ തുടർന്നാണ് ഫ്രൊഫ.സുശീൽ ഖന്നയുടെ റിപ്പോർട്ട് കൂടി പരിഗണിച്ച് അനുപാതം 5.5 ആക്കാൻ നടപടികൾ ആരംഭിച്ചത്. ബസൊന്നിന് കണ്ടക്ടർ, ഡ്രൈവർ എന്നിവർ 2.75 വീതമെന്ന് നിശ്ചയിച്ചു. പിന്നീടത് 1.5 വീതമെന്ന നിലയിലേക്ക് വീണ്ടും കുറച്ചു. ദീർഘദൂര സർവീസുകളിലെ തുടർച്ചയായ ഡ്യൂട്ടി കണക്കാക്കുമ്പോൾ ഇത് പ്രയോഗികമാകാതെ വന്നു. ഡ്യൂട്ടി ക്രമപ്പെടുത്തുന്നതിനായി ഗ്രാമീണ മേഖലയിൽ ഉൾപ്പെടെ സർവീസുകൾ വൻതോതിൽ വെട്ടിക്കുറച്ചു.

പുതുതായി വാങ്ങുന്ന 555 ബസുകൾക്കായി 1665 ജീവനക്കാരെയും താൽക്കാലികാടിസ്ഥാനത്തിൽ നിയമിച്ചാൽ മതിയെന്ന നിലപാടിലാണ് കെ.എസ്.ആർ.ടി.സി. ടെൻഡർ നടപടികൾ പുരോഗമിക്കുകയാണെങ്കിലും പ്ലാൻ ഫണ്ടിൽ നിന്നുളള തുക ധനവകുപ്പ് അനുവദിച്ചാൽ മാത്രമെ വാങ്ങാൻ കഴിയുകയുള്ളൂ.

ബസുകൾ :4700

സ്വിഫ്ട്: 444

ആകെ: 5,144

സ്ഥിരം ജീവനക്കാർ: 23,000

താൽക്കാലികക്കാർ: 2,900

ആകെ: 25,900

#മാനേജ്മെന്റിനെതിരെ

എ.ഐ.ടി.യു.സി

മെക്കാനിക്കൽ വിഭാഗം തൊഴിലാളികൾക്കുള്ള പ്രമോഷൻ തസ്തികയായ അസി. ഡിപ്പോ എൻജിനിയർ തസ്തികയിൽ താൽക്കാലിക നിയമനം നടത്താനുള്ള നീക്കത്തിൽ നിന്നു പിൻവാങ്ങണമെന്ന് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) ആവശ്യപ്പെട്ടു.

10 മുതൽ 18 വർഷം വരെ പഴക്കംവന്ന ബസുകളുടെ പരിപാലനത്തിന് സൂപ്പർവൈസറി ഉദ്യോഗസ്ഥരില്ലാത്തത് ഗുരുതരമായ സ്ഥിതിവിശേഷമാണ്. നിലവിൽ അനുഭവ പരിജ്ഞാനമുള്ളവർക്ക് പ്രമോഷൻ നൽകി ഡിപ്പോ എൻജിനീയർമാരായി നിയമിക്കണമെന്ന് യൂണിയൻ ജനറ സെക്രട്ടറി എം.ജി.രാഹുൽ ആവശ്യപ്പെട്ടു.