വമ്പൻ അവസരം; പ്രവാസികളുൾപ്പെടെ ദുബായ് താമസക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് യുഎഇ

Wednesday 23 October 2024 11:18 AM IST

അബുദാബി: ദുബായ് നിവാസികൾക്ക് നേട്ടമാകുന്ന പുതിയ പ്രഖ്യാപനവുമായി യുഎഇ. കഴിഞ്ഞ 10 വർഷത്തിനിടെ താമസ നിയമ ലംഘനം നടത്താത്ത ദുബായ് നിവാസികൾക്കും എമിറാത്തി സ്‌പോൺസർമാർക്കും നവംബർ ഒന്ന് മുതൽ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് ദുബായിലെ ജനറൽ ഡയറക്‌ടറേറ്റ് ഒഫ് റെസിഡൻസി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) അറിയിച്ചു.

'ഐഡിയൽ ഫേസ്' എന്നാണ് പുതിയ പദ്ധതി അറിയപ്പെടുന്നത്. യുഎഇ താമസ നിയമങ്ങൾ കൃത്യമായി പാലിക്കുന്നവ‌ർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക.

ആനുകൂല്യങ്ങൾ:

  • അമീർ കോൾ സെന്ററുമായി ബന്ധപ്പെടുന്നവർക്ക് സേവനങ്ങളിൽ മുൻഗണന
  • അമീർ കേന്ദ്രങ്ങളിൽ സേവനം ലഭ്യമാക്കാൻ പ്രത്യേക വരി.
  • ഐ‌ഡിയൽ ഫേസ് ‌ഡിജിറ്റൽ സർട്ടിഫിക്കറ്റ്.
  • മൊബൈൽ സർവീസ് വാഹനത്തിന്റെ സഹായത്തോടെ മുതിർന്ന പൗരന്മാർക്ക് വീട്ടിലെത്തി സേവനങ്ങൾ ലഭ്യമാക്കുന്നു.

ആർക്കൊക്കെ ലഭിക്കും

  • വ്യക്തികൾക്ക് മാത്രമാണ് ഐഡിയൽ ഫേസ് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുക. സ്ഥാപനങ്ങൾക്ക് ലഭിക്കില്ല.
  • യുഎഇ പൗരനോ വിദേശ താമസക്കാരനോ ആയിരിക്കണം.
  • കുറഞ്ഞത് പത്ത് വർഷമെങ്കിലും ദുബായിൽ താമസിച്ചവരായിരിക്കണം.
  • ഒന്നോ അതിലധികമോ പേരുടെ സ്‌പോൺസർ. കഴിഞ്ഞ പത്ത് വർഷത്തിനിടെ താമസ ലംഘനങ്ങൾ നടത്താത്തവരായിരിക്കണം ഇവർ.
  • നിലവിലെ വർഷത്തിൽ താമസ നിയമ ലംഘനങ്ങൾ നടത്താത്തയാളായിരിക്കണം സ്‌പോൺസർ.

പുതിയ പദ്ധതിയിൽ യുഎഇയിലെ എല്ലാ പൗരന്മാരും താമസക്കാരും സന്ദർശകരും പങ്കെടുക്കണമെന്ന് ജിഡിആർഎഫ്എ ഡയറക്‌ടർ ജനറൽ ലഫ്.ജനറൽ മൊഹമ്മദ് അഹ്മദ് അൽ മാരി പറഞ്ഞു.