വയനാടിനെ ആവേശമാക്കാൻ പ്രിയങ്ക എത്തി, റോഡ് ഷോയിൽ വൻ ജന പങ്കാളിത്തം

Wednesday 23 October 2024 11:54 AM IST

കൽപറ്റ: പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കം ആഘോഷമാക്കാൻ വയനാട്ടിലെ കോൺഗ്രസ് പ്രവർത്തകർ. വമ്പൻ റോഡ് ഷോയോടെയാവും പ്രിയങ്ക പത്രിക സമർപ്പിക്കുക. റോഡ് ഷോയ്ക്കായി പ്രിയങ്കയും രാഹുലും സോണിയയും എത്തി. വൻ ജന പങ്കാളിത്തതോടെ റോഡ് ഷോ ആരംഭിച്ചിട്ടുണ്ട്. 12.30ഓടെ പത്രിക സമർപ്പിക്കുമെന്നാണ് വിവരം. പ്രിയങ്കയ്‌ക്കൊപ്പം രാഹുൽ ഗാന്ധിയും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റോഡ് ഷോയുടെ ഭാഗമാകുന്നുണ്ട്.

ഇന്ന് രാവിലെ പത്തരയോടെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും കണ്ണൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം വയനാട്ടിലെത്തിയിരുന്നു. പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് അരങ്ങേറ്റം അതിഗംഭീരമാക്കാൻ പ്രവർത്തകർ സജ്ജമാണ്. വിവിധ ജില്ലകളിൽ നൂറ് കണക്കിന് പ്രവർത്തകരാണ് കൽപ്പറ്റയിൽ എത്തിയത്. കൽപറ്റ ന്യൂ ബസ് സ്റ്റാൻഡിൽ നിന്ന് റോഡ് ഷോ തുടങ്ങി. സമാപന വേദിയിൽ പ്രിയങ്ക ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്യും. പ്രിയങ്ക ഇന്നലെ തന്നെ വയനാട് എത്തിയിരുന്നു.