ശബരിമലയിലെ പാരമ്പര്യ ആചാരങ്ങൾ തുടരണം: യോഗ ക്ഷേമസഭ
Thursday 24 October 2024 12:22 AM IST
ഓച്ചിറ: ശബരിമലയിലെ പരമ്പരാഗത ആചാരങ്ങളിൽ മാറ്റം വരുത്തുന്നത് ഭക്തജനങ്ങളുടെ വികാരങ്ങൾക്ക് എതിരാകുമെന്ന് യോഗക്ഷേമസഭ ജനറൽ സെക്രട്ടറി കൊടുപ്പുന്ന കൃഷ്ണൻ പോറ്റി പറഞ്ഞു. നിയുക്ത ശബരിമല മേൽശാന്തി അരുൺ കുമാർ നമ്പൂതിരിക്കും നിയുക്ത മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരിക്കും യോഗക്ഷേമസഭ കൊല്ലം, ആലപ്പുഴ ജില്ലകൾ സംയുക്തമായി ഓച്ചിറ ഓണാട്ട് ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടത്തിയ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗക്ഷേമസഭ കൊല്ലം ജില്ലാ പ്രസിഡന്റ് ശ്രീകുമാർ അദ്ധ്യക്ഷനായി. ചടങ്ങിൽ ദക്ഷിണമേഖലാ പ്രസിഡന്റ് കുടൽമന വിഷ്ണുനമ്പൂതിരി, ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജയപ്രകാശ്, കൊല്ലം ജില്ലാ സെക്രട്ടറി മനോജ് ശർമ്മ, ട്രഷറർ സുരേഷ് പോറ്റി, ജോയിന്റ് സെക്രട്ടറി ശങ്കരര് ഭദ്രദാസര് തുടങ്ങിയവർ സംസാരിച്ചു.