നവീൻ ബാബുവിന്റെ മരണം; യാത്രയയപ്പ് ചടങ്ങിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പിപി ദിവ്യ

Thursday 24 October 2024 7:53 AM IST

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ ആക്ഷേപിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പിപി ദിവ്യയാണെന്ന് കണ്ടെത്തൽ. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ ഗീതയുടെ അന്വേഷണ റിപ്പോ‌ർട്ടിലാണ് കണ്ടെത്തൽ. വീഡിയോ പല മാദ്ധ്യമങ്ങൾക്ക് കെെമാറിയതും പിപി ദിവ്യയാണ്. റിപ്പോർട്ട് ഇന്ന് സർക്കാരിന് കെെമാറും.

കണ്ണൂർ ചെങ്ങളായിയിൽ പെട്രോൾ പമ്പിനുള്ള എൻഒസി അനുവദിക്കുന്നതിൽ നവീൻ ബാബു ബോധപൂർവ്വം ഫയൽ വെെകിപ്പിച്ചെന്ന് ആരോപണത്തിൽ ഒരു തെളിവും മൊഴികളും ലാനഡ് റവന്യു ജോയിന്റ് കമ്മീഷണർക്ക് ഇതുവരെ ലഭിച്ചിട്ടില്ല. നവീൻ ബാബു കോഴ വാങ്ങി എന്നതിനും തെളിവ് ഇല്ലെന്നാണ് വിവരം. കെെക്കൂലി ആരോപണം ഉന്നയിച്ച പിപി ദിവ്യ സംഭവത്തിൽ ഇതുവരെ മൊഴി കൊടുത്തിട്ടില്ല.

അതേസമയം, ദിവ്യയുടെ മുൻകൂർ ജാമ്യഹർജി ഇന്ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കുന്നുണ്ട്. ആത്മഹത്യ പ്രേരണകുറ്റത്തിന് ദിവ്യ ഒന്നാം പ്രതിയാണ്. അന്വേഷണം നടക്കുന്നുണ്ടെന്നും ഇരിണാവിലെ വീട്ടിൽ ദിവ്യയില്ലെന്നുമാണ് പൊലീസ് പറയുന്നത്. മൂന്ന് തവണ അവിടെയെത്തിയെങ്കിലും ദിവ്യയെ കണ്ടെത്താൻ കഴിഞ്ഞില്ല.ദിവ്യ എവിടെയാണെന്ന് അറിയില്ലെന്നാണ് ഭർത്താവ് അജിത്തും പറയുന്നത്.

കണ്ണൂരിലെ മലയോര കേന്ദ്രമായ പാലക്കയം റിസോർട്ടില്‍ ദിവ്യ ഒളിവിൽ കഴിയുന്നുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. അന്വേഷണം നടത്തിയെന്നും തെളിവ് ലഭിച്ചില്ലെന്നും പൊലീസ് പറയുന്നു. 15ന് രാവിലെയാണ് എ.ഡി.എമ്മിനെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കാണുന്നത്. അന്നും തുടർന്നുള്ള രണ്ടു ദിവസങ്ങളിലും ദിവ്യ ഇരിണാവിലെ വീട്ടിലുണ്ടായിരുന്നു. 17ന് വൈകിട്ടാണ് കേസിൽ പ്രതി ചേർത്തത്. തുടർന്ന് ദിവ്യ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു.