മലപ്പുറത്ത് ബൈക്ക് ഡിവൈഡറിൽ ഇടിച്ചുകയറി ബന്ധുക്കളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Thursday 24 October 2024 11:46 AM IST

മലപ്പുറം: തിരുരങ്ങാടിയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയ പാത 66 ൽ മൂന്നിയൂർ പടിക്കലിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കൽ പടപ്പറമ്പ് സ്വദേശികളായ റനീസ് (19), നിയാസ് (19) എന്നിവരാണ് മരണപ്പെട്ടത്. ഇരുവരും ബന്ധുക്കളാണ്.

ബുധനാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് അപകടമുണ്ടായത്. ദേശീയപാതയിൽ മുന്നൂർ പടിക്കലിൽ പുതിയതായി നിർമ്മിച്ച നാല് വരി പാതയിൽ നിന്ന് സർവ്വീസ് റോഡ് ഭാഗത്തേക്ക് സ്ഥാപിച്ച ഡിവൈഡറിൽ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. നാട്ടുകാരും സമീപത്ത് ഉണ്ടായിരുന്നവരുമാണ് രക്ഷാപ്രവർത്തം നടത്തിയത്.

ഇരുവരെയും ആദ്യം ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മറ്റൊരാളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച റനീസ് ഇന്നലെ രാത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നിയാസ് ഇന്ന് രാവിലെയുമാണ് മരണപ്പെട്ടത്. അപകടത്തിൽ ബൈക്കും തകർന്നിട്ടുണ്ട്.