പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 29ന്, നടന്നത് ശക്തമായ വാദ പ്രതിവാദങ്ങൾ
കണ്ണൂർ: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്യാനിടയാക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധിപറയുന്നത് കോടതി ഈ മാസം 29 ലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ വാദം തുടങ്ങിയത്. പ്രതിഭാഗവും പ്രോസിക്യൂഷനും ശക്തമായ വാദ പ്രതിവാദങ്ങളാണ് നടത്തിയത്.
പി പി ദിവ്യ വ്യക്തിഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആരോപിച്ചത്. കൃത്യമായ ആസൂത്രണത്തോടെയാണ് ഇത്തരമൊരു കാര്യം ചെയ്തതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ആരും ക്ഷണിച്ചിരുന്നില്ലെന്നും ഇക്കാര്യം ഡെപ്യൂട്ടി കളക്ടർ മൊഴി നൽകിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുകയും ചെയ്തു.
അഴിമതിക്കെതിരെ ശക്തമായ നിലപാടുള്ള ആളാണ് ദിവ്യയെന്നും നവീനെതിരെ രണ്ട് പരാതികൾ ലഭിച്ചിരുന്നെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. നവീന്റെ യാത്രയയപ്പ് യോഗത്തിലേക്ക് കളക്ടർ അനൗപചാരികമായി ക്ഷണിച്ചിട്ടാണ് വന്നത്. വരുമെന്ന് ഫോണിൽ കളക്ടറെ അറിയിക്കുകയും ചെയ്തു. സംസാരിക്കാൻ ക്ഷണിച്ചത് ഡെപ്യൂട്ടി കളക്ടറാണ് എന്നും വാദത്തിനിടെ ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
തന്റെ പരിധിയിലല്ലാത്ത കാര്യങ്ങളിൽ എഡിഎം നവീൻ ബാബു ഇടപെട്ടെന്നും ദിവ്യ കോടതിയിൽ പറഞ്ഞു. നവീൻബാബുവിനെതിരെ ഗംഗാധരൻ നൽകിയ പരാതി കോടതിയിൽ പ്രതിഭാഗം വായിക്കുകയും ചെയ്തു. ഉദ്യോഗസ്ഥർ അഴിമതിക്കാർ ആകരുതെന്നത് സമൂഹത്തിന്റെ ആവശ്യമാണ്. ജനങ്ങൾ ആഗ്രഹിക്കുന്ന ഇടപെടലാണ് നടത്തിയതെന്നായിരുന്നു ദിവ്യയുടെ വാദം.
യാത്രയയപ്പുചടങ്ങിനിടെയുള്ള ദിവ്യയുടെ വിവാദ പ്രസംഗം കോടതിയിൽ വായിച്ചു. താൻ പറഞ്ഞത് ആത്മഹത്യാ പ്രേരണ അല്ലെന്നും കൂടുതൽ നന്നാകണമെന്ന് ഉപദേശിക്കുകയായിരുന്നു എന്നുമായിരുന്നു ദിവ്യയുടെ വാദം.