ഒന്നും രണ്ടുമൊന്നുമല്ല, കേരളത്തിലെ 30 റെയില്‍വേ സ്റ്റേഷനുകള്‍ യൂറോപ്യന്‍ മാതൃകയിലേക്ക് മാറുന്നു

Thursday 24 October 2024 7:16 PM IST

തിരുവനന്തപുരം: രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളും ട്രെയിന്‍ യാത്രയും യൂറോപ്യന്‍ മാതൃകയിലേക്ക് മാറ്റുകയെന്നതാണ് കേന്ദ്ര സര്‍ക്കാരും റെയില്‍വേയും ലക്ഷ്യമിടുന്നത്. ന്യൂജനറേഷന്‍ ഹൈസ്പീഡ്, സെമി ഹൈസ്പീഡ് ട്രെയിനുകള്‍ ട്രാക്കിലിറക്കുന്നത് മുതല്‍ സ്റ്റേഷനുകളുടെ മുഖംമിനുക്കല്‍ വരെയുള്ള ബൃഹത് പദ്ധതിയാണ് റെയില്‍വേക്കുള്ളത്. അമൃത് സ്റ്റേഷനുകള്‍ എന്ന പേരില്‍ രാജ്യത്തെ ആയിരത്തില്‍ അധികം റെയില്‍വേ സ്റ്റേഷനുകളാണ് വിമാനത്താവള മാതൃകയില്‍ ഉള്‍പ്പെടെ മുഖം മിനുക്കുന്നത്.

ചെറുതും വലുതുമായ 1309 സ്റ്റേഷനുകളാണ് അമൃത് ഭാരത് പദ്ധതിയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇതില്‍ കേരളത്തിലെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ നിന്നായി 30 സ്റ്റേഷനുകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. വിമാനത്താവള മാതൃകയില്‍ സ്റ്റേഷന്‍ കെട്ടിടം പുതുക്കി നിര്‍മിക്കല്‍, അറൈവല്‍, ഡിപാര്‍ചര്‍ എന്നിവയ്ക്കായി പ്രത്യേകം സോണുകള്‍, വാണിജ്യ സമുച്ചയങ്ങളും യാത്രക്കാര്‍ക്ക് ഗുണകരമാകുന്ന നിരവധി പദ്ധതികളും ഉള്‍പ്പെടുന്നു. ലിഫ്റ്റുകള്‍, പാര്‍ക്കിംഗ്, വിശ്രമമുറികള്‍, സിസിടിവി, വൈഫൈ ഉള്‍പ്പടെ വിപുലീകരിക്കും.

പാലക്കാട് ഡിവിഷനിലെ 16 സ്റ്റേഷനുകളിലായി 249 കോടി രൂപയുടെ പദ്ധതികളാണ് നടക്കുന്നത്. കണ്ണൂര്‍ ഒഴികെയുള്ള 15 സ്റ്റേഷനുകളില്‍ ജനുവരിയില്‍ പൂര്‍ത്തിയാകും. ഒമ്പത് സ്റ്റേഷനുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 80 ശതമാനത്തിലേറെ പൂര്‍ത്തിയായി കഴിഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍, കൊല്ലം, എറണാകുളം ജംഗ്ഷന്‍, കോഴിക്കോട്, തൃശൂര്‍ തുടങ്ങിയ സ്‌റ്റേഷനുകള്‍ വിമാനത്താവള മാതൃകയിലാണ് മുഖം മിനുക്കുന്നത്. ഇതിന് പുറമേയാണ് തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) സൗത്ത് (നേമം) സ്‌റ്റേഷനുകളുടെ വികസനം. വര്‍ക്കല സ്‌റ്റേഷന്‍ നവീകരണത്തിന് മാത്രം 133 കോടി അനുവദിച്ചു.

സംസ്ഥാനത്തെ പ്രധാനപ്പെട്ട സ്റ്റേഷനുകളുടെ വികസനത്തിനായി അനുവദിച്ച തുക ചുവടെ

തിരുവനന്തപുരം സെന്‍ട്രല്‍ - 497 കോടി
കോഴിക്കോട് - 472 കോടി
എറണാകുളം ജംഗ്ഷന്‍ (സൗത്ത് സ്‌റ്റേഷന്‍) - 444 കോടി
എറണാകുളം ടൗണ്‍ (നോര്‍ത്ത് സ്‌റ്റേഷന്‍) - 226 കോടി