ബ്ളാസ്റ്റേഴ്സ് ഇന്ന് ബെംഗളുരുവിനെതിരെ
മത്സരം രാത്രി 7.30 മുതൽ കൊച്ചി കലൂർ സ്റ്റേഡിയത്തിൽ
കൊച്ചി : ഐ.എസ്.എൽ ഫുട്ബാളിൽ കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് തങ്ങളുടെ കടുത്ത ശത്രുക്കളായ ബെംഗളുരു എഫ്.സിക്ക് എതിരെ ബൂട്ടുകെട്ടുന്നു. സ്വന്തം തട്ടകമായ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം.
കഴിഞ്ഞ വർഷം മാർച്ചിൽ റഫറിയുടെ വിസിലിന് മുമ്പ് ഫ്രീകിക്കെടുത്ത് ഗോളാക്കിയതിന്റെ പേരിൽ ബെംഗളുരുമായി കൊമ്പുകോർത്ത് മത്സരം ബഹിഷ്കരിച്ച ബ്ളാസ്റ്റേഴ്സ് അതിന് ശേഷം ബെംഗളുരുമായി നടന്ന അഞ്ചുമത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ജയിച്ചത്.രണ്ട് കളികൾ സമനിലയിലായപ്പോൾ രണ്ട് കളികളിൽ ബെംഗളുരു ജയിച്ചു. കഴിഞ്ഞ ആഗസ്റ്റിൽ ഡുറൻഡ് കപ്പിലാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ബെംഗളുരു 1-0ത്തിന് ജയിച്ചിരുന്നു.
ഈ സീസൺ ഐ.എസ്.എല്ലിൽ അഞ്ചുമത്സരങ്ങളിൽ നാലും ജയിച്ച് 13 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബെംഗളുരു. രണ്ട് വീതം ജയവും സമനിലകളും ഒരു തോൽവിയുമായി 8 പോയിന്റുള്ള കേരള ബ്ളാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തും. കഴിഞ്ഞ മത്സരത്തിൽ മൊഹമ്മദൻസിനെതിരെ 2-1ന് ജയിച്ചതിന്റെ ആവേശവുമായാണ് ബ്ളാസ്റ്റേഴ്സ് ഇറങ്ങുന്നത്.