ത്രികോണപ്പോരിന്റെ വീറിൽ പാലക്കാട്
പാലക്കാട്: എൽ.ഡി.എഫും യു.ഡി.എഫും കാലങ്ങളായി അരങ്ങു തകർത്തിരുന്ന കേരള രാഷ്ട്രീയത്തിലേക്ക് മൂന്നാം ബദലായി ബി.ജെ.പി ഉയർന്നുവന്നതിൽ പാലക്കാടിനും ചെറുതല്ലാത്തൊരു പങ്കുണ്ട്. കോൺഗ്രസിന്റെ യുവരക്തം ഇടതു കോട്ട കുലുക്കി കൈക്കുമ്പിളിലാക്കിയ മണ്ഡലം. കഴിഞ്ഞ രണ്ടു തവണയും സി.പി.എം മൂന്നാം സ്ഥാനത്ത്. നാല് പതിറ്റാണ്ടിലധികമായി ബി.ജെ.പിക്കു 10 ശതമാനത്തിലധികം വോട്ടുള്ള നിയമസഭാ മണ്ഡലം.
ഷാഫി പറമ്പിലിന്റെ പിൻഗാമിയായി കോട്ട കാക്കാൻ കോൺഗ്രസ് കളത്തിലിറക്കിയത് രാഹുൽ മാങ്കൂട്ടത്തിലിനെ. രാഹുലിന്റെ വരവിൽ അതൃപ്തി പരസ്യമാക്കി കോൺഗ്രസ് വിട്ട ഡോ. പി. സരിനെ ഇടതു പാളയത്തിലെത്തിച്ച് സ്ഥാനാർത്ഥിയാക്കി സി.പി.എം. സി. കൃഷ്ണകുമാറിനെയാണ് മണ്ഡലം നേടാനുള്ള ഉത്തരവാദിത്വം ബി.ജെ.പി ഇത്തവണയും ഏൽപ്പിച്ചിരിക്കുന്നത്. മൂന്ന് പ്രമുഖ സ്ഥാനാർത്ഥികളും പത്രിക സമർപ്പിച്ചതോടെ ത്രികോണപ്പോരിലേക്ക് പാലക്കാട്.
കോൺഗ്രസിൽ
പാളയത്തിൽ പട
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് മണിക്കൂറിനകം കോൺഗ്രസ് ഹൈക്കമാൻഡ് രാഹുലിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു. ആ നിമിഷം മുതൽ പാലക്കാട്ടെ കോൺഗ്രസിൽ പൊട്ടിത്തെറിയും ആരംഭിച്ചു. ഡോ. പി. സരിന് പിന്നാലെ, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബും മറ്റ് മൂന്നു പേരും പാർട്ടി വിട്ടു. ഇടഞ്ഞുനിന്ന ഐ ഗ്രൂപ്പിലെ ചിലരെ നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ചെങ്കിലും ഷാനിബിന്റെ കാര്യത്തിൽ അതുണ്ടായില്ല. ഷാനിബ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പത്മജ വിഷയത്തിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിവാദപരാമർശം ഉൾപ്പെടെ മണ്ഡലത്തിൽ സജീവ ചർച്ചയാണ്.
ബി.ജെ.പിയിൽ
ചേരിപ്പോര്
പാലക്കാട്ട് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വോട്ടു വിഹിതം വർദ്ധിപ്പിക്കാൻ സി. കൃഷ്ണകുമാറിനായി. ശോഭാ സുരേന്ദ്രന്റെ പേരും ഇത്തവണ പറഞ്ഞു കേട്ടു. ആർ.എസ്.എസ് നേതൃത്വം നേരിട്ടിടപെട്ടതോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. ശോഭ വിഭാഗത്തിന്റെ വോട്ട് ഇത്തവണ കൃഷ്ണകുമാറിന് പെട്ടിയിലാക്കാൻ കഴിഞ്ഞാൽ അത് ഗുണകരമാകും.
വോട്ടുചോർച്ച
ഭയന്ന് സി.പി.എം
കോൺഗ്രസ് വിട്ടുവന്ന സരിന് പാർട്ടിയുടെ വാതിലുകൾ തുറന്നു നൽകിയതിൽ ഇരുതട്ടിലാണ് നേതൃത്വവും പ്രവർത്തകരും. ഇന്നലെ വരെ പാർട്ടിയെയും മുഖ്യമന്ത്രിയെയും പരസ്യമായും സമൂഹ മാദ്ധ്യമങ്ങളിലും അടച്ചാക്ഷേപിച്ച വ്യക്തിയെ അംഗീകരിക്കാൻ താഴെത്തട്ടിലുള്ള പ്രവർത്തകർക്കാകുമോ എന്നാണ് അറിയേണ്ടത്. പാർട്ടി ചിഹ്നമില്ലാതെ സരിൻ മത്സരിക്കുന്നത് ഗുണം ചെയ്യുമെന്ന് നേതൃത്വവും തിരിച്ചടിയാകുമെന്ന് പ്രവർത്തകരും പറയുന്നു.