ഇന്ത്യയിലെ മറ്റൊരു നഗരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടം, പുരസ്‌കാരം കൊച്ചിക്ക്
കൊച്ചി: 'ഏറ്റവും സുസ്ഥിര ഗതാഗത സംവിധാനമുള്ള നഗരം' എന്ന വിഭാഗത്തില്‍ കൊച്ചിക്ക് 'അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ടിലെ മികവിനുള്ള അവാര്‍ഡ്' ലഭിച്ചു. ഗവണ്‍മെന്റ് ഒഫ് ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്‌സ് നടത്തുന്ന അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ 2024 ദേശീയ മത്സരത്തിന്റെ ഭാഗമായ ഈ അംഗീകാരം 2021ലും കൊച്ചിക്ക് ലഭിച്ചിരുന്നു. രാജ്യത്തെമ്പാടുമുള്ള നഗരഗതാഗത, മൊബിലിറ്റി മേഖലയില്‍ മികച്ച പരിശീലനങ്ങളും വിജ്ഞാനകൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വാര്‍ഷിക പരിപാടിയാണിത്.
കൊച്ചിക്കായി കെ.എം.ആര്‍.എല്‍ ആണ് അവാര്‍ഡിനുള്ള എന്‍ട്രി സമര്‍പ്പിച്ചത്. രണ്ട് മെട്രോ സംവിധാനങ്ങളുള്ള ഏക നഗരമാണ് കൊച്ചിയെന്ന് കെ.എം.ആര്‍.എല്‍ നടത്തിയ അവതരണത്തില്‍ വ്യക്തമാക്കിയിരുന്നു.
ഗുജറാത്തിലെ ഗാന്ധിനഗറിലെ മഹാത്മാമന്ദിര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ 27ന് ഭവന, നഗരകാര്യമന്ത്രി മനോഹര്‍ ലാല്‍ അവാര്‍ഡ് സമ്മാനിക്കും.
വാട്ടര്‍ മെട്രോ, സൈക്കിളുകള്‍, ഇ-ഓട്ടോകള്‍, ഇ-ബസുകള്‍, സൗരോര്‍ജ്ജ പദ്ധതികള്‍, ലിംഗഭേദം ഉള്‍ക്കൊണ്ടുള്ള പദ്ധതികള്‍ തുടങ്ങിയ ക്ലീന്‍ എനര്‍ജി സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കെ.എം.ആര്‍.എല്ലിന്റെ നിരന്തര ഇടപെടലുകളും നേട്ടത്തിലേക്ക് നഗരത്തയെത്തിക്കുന്നതില്‍ പ്രധാന കാരണങ്ങളാണ്.
ഇ-ഫീഡര്‍ സേവനങ്ങള്‍ ഉള്‍പ്പെടെ പൊതുഗതാഗതരംഗത്ത് വിവിധ സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ ആവിഷ്‌കരിച്ച് പൊതുഗതാഗതത്തിന്റെ വിവിധ മേഖലകളില്‍ കൊച്ചി നഗരം മറ്റു നഗരങ്ങള്‍ക്ക് മാതൃകയായി - ലോക്നാഥ് ബെഹ്റ. എം.ഡി, കെ.എം.ആര്‍.എല്‍