ബംഗളൂരുവിന് പിന്നാലെ പൂനെയിലും ഒന്നാം ഇന്നിംഗ്‌സിൽ തകർന്നടിഞ്ഞ് ഇന്ത്യ, 100 റൺസിനിടെ ആറ് വിക്കറ്റുകൾ നഷ്‌ടമായി

Friday 25 October 2024 11:49 AM IST

പൂനെ: ബംഗളൂരുവിലെ ഒന്നാം ടെസ്‌റ്റിലേതിന് സമാനമായി പൂനെയിലെ രണ്ടാം ടെസ്‌റ്റിലും ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യൻ ബാറ്റർമാർക്ക് കാലിടറുന്നു. 100 റൺസ് നേടുന്നതിനിടെ ആറ് വിക്കറ്റുകൾ നഷ്‌ടമായ ഇന്ത്യക്ക് 100 പിന്നിട്ടതിന് പിന്നാലെ അശ്വിനെയും (4) നഷ്‌ടമായി. 30 റൺസ് വീതം നേടിയ യുവതാരങ്ങൾ യശസ്വി ജെയ്‌സ്വാളും ശുബ്‌മാൻ ഗില്ലുമാണ് ഇന്ത്യയ്‌‌ക്കായി അൽപമെങ്കിലും പിടിച്ചുനിന്നത്. റണ്ണൊന്നും നേടാനാകാതെ ഇന്നലെ നായകൻ രോഹിത്ത് ശർമ്മ മടങ്ങിയപ്പോൾ കൊഹ്‌ലി ഇന്ന് കേവലം ഒരു റൺ നേടിയാണ് പുറത്തായത്.

ഇടംകൈ സ്‌പിന്നർ മിച്ചൽ സാന്റനറാണ് ഇന്ത്യൻ നിരയെ തകർത്തത്. നിലവിൽ ഗില്ലിന്റെയും കൊഹ്‌ലിയെയുമടക്കം നാല് വിക്കറ്റുകൾ സാന്റ്‌‌നർ നേടി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 107 റൺസ് മാത്രമാണ് ഇന്ത്യ നേടിയത്. ജഡേജ (11),വാഷിംഗ്‌ടൺ സുന്ദർ (2) എന്നിവരാണ് ക്രീസിൽ. ഋഷഭ് പന്ത് (18), സർഫറാസ് ഖാൻ (11) എന്നിവരും പുറത്തായി. ഗ്ളെൻ ഫിലിപ്‌സ് രണ്ടും ടിം സൗത്തി ഒന്നും വിക്കറ്റ് നേടി.

നേരത്തെ ഒന്നാം ദിനം സ്‌പിന്നർ വാഷിം‌ഗ്‌ടൺ സുന്ദറിന്റെ ബൗളിംഗ് മികവിൽ (59 റൺസ് വഴങ്ങി ഏഴ് വിക്കറ്റ്) ന്യൂസിലാന്റിനെ 259 റൺസിന് ഓൾഔട്ടാക്കാൻ ഇന്ത്യക്കായി. ഡെവൺ കോൺവെ (76), രചിൻ രവീന്ദ്ര (65), സാന്റ്‌നർ (33) എന്നിവരാണ് ബാറ്റിംഗിൽ തിളങ്ങിയത്. അശ്വിൻ 64 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി.