സ്പോട്ടിന് മറ്റൊരു പേരിടണം, തലപുകച്ച് ദേവസ്വം ബോർഡ്

Saturday 26 October 2024 4:51 AM IST

പത്തനംതിട്ട: ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് അനുവദിക്കില്ലെന്ന തീരുമാനം തിരുത്താൻ

നിർബന്ധിതരായ സർക്കാരും ദേവസ്വം ബോർഡും ജാള്യത മറയ്ക്കാൻ മറ്റൊരു പേര് തേടുന്നു. ഓൺലൈൻ ബുക്കിംഗില്ലാതെ വരുന്നവർക്ക് പ്രധാന ഇടത്താവളങ്ങളിൽ കഴിഞ്ഞ സീസൺവരെ സ്പാേട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ തുറന്നിരുന്നു.

ഇത്തവണ, അക്ഷയ കേന്ദ്രങ്ങൾ സ്ഥാപിച്ച് ബുക്കിംഗ് എന്നായിരുന്നു പ്രഖ്യാപനം. തൽക്കാൽ ബുക്കിംഗ് എന്നാക്കിയാലോ എന്നും ആലോചനയുണ്ട്. റെയിൽവേ തൽക്കാൽ ടിക്കറ്റ് മാതൃകയിലാണിത്. ബോർഡിന് മുന്നിലെത്തുന്ന മറ്റ് നിർദേശങ്ങളും പരിഗണിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം വരെ സ്പോട്ട് ബുക്കിംഗിന് ഫീസ് ഈടാക്കിയിരുന്നില്ല. അക്ഷയ കേന്ദ്രം ആയാൽ ഫീസ് ഇടാക്കേണ്ടി വരും. ഒരാൾക്ക് ഇരുപത് രൂപയാണ് ആലോചിക്കുന്നത്. പ്രതിഷേധം ഉയർന്നാൽ പത്തായി കുറച്ചേക്കും. ഓൺലൈൻ ബുക്കിംഗ് ഹൈക്കോടതിയിൽ പോയി ദേവസ്വം ബോർഡ് ഏറ്റെടുത്തതിൽ പൊലീസിന് നീരസമുണ്ട്. കഷ്ടപ്പാട് സഹിച്ച്

തിരക്ക് നിയന്ത്രിക്കേണ്ടത് പൊലീസാണ്. അതിനാൽ, ബുക്കിംഗ് ഫീസിന്റെ ഒരു വിഹിതം പൊലീസിന് നൽകണമെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്. പുതിയ ബുക്കിംഗ് സംവിധാനം പൂർണമായും പൊലീസിനെ ഏൽപ്പിക്കണമെന്നും നിർദേശമുണ്ട്. പൊലീസിനെ കൂടെ നിറുത്തിയില്ലെങ്കിൽ കഴിഞ്ഞ വർഷത്തെപ്പോലെ പന്ത്രണ്ട് മണിക്കൂർ വരെ ഭക്തർ വഴിയിൽ കുടുങ്ങുന്ന കൃത്രിമ തിരക്ക് ഉണ്ടാകുമെന്ന ആശങ്ക ബോർഡിനുണ്ട്.

ഇത്തവണ സ്പോട്ട് ബുക്കിംഗ് നിറുത്തലാക്കാനുള്ള സർക്കാർ, ബോർഡ് തീരുമാനം കേരളകൗമുദിയുടെ ഇടപെടലിനെ തുടർന്നാണ് തിരുത്തിയത്.

എല്ലാ കാര്യങ്ങളിലും ഈ മാസം 30ന് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനമാകും.

മണ്ഡലകാല തീർത്ഥാടനത്തിന് അടുത്ത മാസം 16ന് ശബരിമല നടതുറക്കും.