നന്നായി കളിച്ചിട്ടും ബ്ലാസ്റ്റേഴ്‌സ് തോറ്റു, പിഴവുകളെല്ലാം മുതലാക്കി ബംഗളൂരു എഫ്‌സി

Friday 25 October 2024 10:16 PM IST

കൊച്ചി: നന്നായി കളിച്ചിട്ടും ചിരവൈരികളായ ബംഗളൂരു എഫ്‌സിയോട് സ്വന്തം മൈതാനത്ത് തോല്‍വി വഴങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്. എഡ്ഗര്‍ മെന്‍ഡസിന്റെ ഇരട്ട ഗോളുകളും മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം യോര്‍ഹെ പെരേര ഡിയാസിന്റെ ഗോളും ബിഎഫ്‌സിക്ക് ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയം സമ്മാനിച്ചു. മത്സരത്തിലുടനീളം തകര്‍പ്പന്‍ നീക്കങ്ങളിലൂടെ കളം നിറഞ്ഞ് കളിച്ചെങ്കിലും അവസരങ്ങള്‍ മുതലാക്കാന്‍ കഴിയാത്തത് ബ്ലാസ്റ്റേഴ്‌സിന് വിനയായി.

മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ ബംഗളൂരു മുന്നിലെത്തി. പ്രതിരോധ നിരയില്‍ പ്രിതം കോട്ടല്‍ വരുത്തിയ പിഴവ് മുതലെടുത്ത് ഡിയാസ് പന്ത് തട്ടിയെടുക്കുകയും ഗോള്‍കീപ്പര്‍ സോം കുമാറിന്റെ തലയ്ക്ക് മുകളിലൂടെ വലയ്ക്കുള്ളിലേക്ക് ചിപ്പ് ചെയ്ത് ലക്ഷ്യം കാണുകയുമായിരുന്നു. ഗോള്‍ വീണെങ്കിലും തിരിച്ചടി നല്‍കാന്‍ ബ്ലാസ്‌റ്റേഴ്‌സ് നിരന്തരം ബിഎഫ്‌സി ഗോള്‍മുഖത്ത് അക്രമം അഴിച്ചുവിട്ടു. ഗുര്‍പ്രീത് സിംഗ് സന്ധുവിന്റെ തകര്‍പ്പന്‍ സേവുകളും ദൗര്‍ഭാഗ്യവും ഒപ്പം ഫിനിഷിങ്ങിലെ പോരായ്മകളും മഞ്ഞപ്പടയ്ക്ക് ഒരുപോലെ തടസ്സമായി.

ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഗോളിലേക്ക് മുന്നേറിയ ക്വാമി പെപ്രയെ രാഹുല്‍ ഭെകെ ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ചൂണ്ടി. ജീസസ് ജിമിനസ് കേരളത്തിനായി ലക്ഷ്യം കണ്ടപ്പോള്‍ പകുതി സമയത്ത് സ്‌കോര്‍ 1-1. ആദ്യപകുതിയില്‍ ഗോളിലേക്ക് നിരവധി അവസരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചത്. രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സ് ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടിക്കൊണ്ടിരുന്നു.

74ാം മിനിറ്റില്‍ 19കാരന്‍ ഗോള്‍കീപ്പര്‍ സോം കുമാര്‍ വരുത്തിയ പിഴവ് ബംഗളൂരുവിനെ വീണ്ടും മുന്നിലെത്തിച്ചു. ഫ്രീകിക്ക് കൈയിലൊതുക്കാന്‍ കഴിയാതെ നേരെ പതിച്ചത് ബോക്‌സിനുള്ളില്‍ നിന്ന മെന്‍ഡസിന്റെ മുന്നിലേക്ക്. തകര്‍പ്പന്‍ ഒരു ഷോട്ടിലൂടെ താരം വലകുലുക്കി. സ്‌കോര്‍ 2-1. ബ്ലാസ്റ്റേഴ്സ് സമനില ഗോളിനായി ശ്രമിക്കവെ ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റില്‍ ലഭിച്ച ലോംഗ് ബോള്‍ അനായാസം വലയിലെത്തിച്ച് മെന്‍ഡെസ് ബംഗളൂരുവിനായി പട്ടിക പൂര്‍ത്തിയാക്കി.