പി പി ദിവ്യയെ അറസ്റ്റ് ചെയ്യണം, ജില്ലാ വികസന സമിതിയിൽ പ്രമേയത്തിന് കളക്ടറുടെ അനുമതി

Saturday 26 October 2024 7:47 PM IST

കണ്ണൂർ : എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ മുൻ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ജില്ലാവികസന സമിതിയിൽ പ്രമേയം. കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്നാണ് കളക്ടർ പ്രമേയത്തിന് അനുമതി നൽകിയത്.

യോഗം തുടങ്ങുന്നതിന് മുൻപ്. എ.ഡി.എമ്മിന്റെ നിര്യാണത്തിൽ അനുശോചന പ്രമേയം അവതരിപ്പിക്കണമെന്ന് കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടു. അനുശോചന പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെയാണ് പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കണമെന്ന് ആവശ്യം ഉയരുകയായിരുന്നു. യോഗത്തിൽ പങ്കെടുത്ത കൂത്തുപറമ്പ് എം.എൽ.എ കെ.പി. മോഹനൻ ഇതിനെ എതിർത്തു. ഇതോടെ യോഗം കലുഷിതമായി.

തുടർന്ന് പ്രമേയമായി അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അജണ്ടയുടെ ഭാഗമായി ഉൾപ്പെടുത്താമെന്ന് കളക്ടർ സമ്മതിക്കുകയായിരുന്നു. ജില്ലാവികസന സമിതിയിലെ പ്രമേയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് യോഗ ശേഷം കളക്ടർ അറിയിച്ചു. നവീൻ ബാബുവിന്റെ മരണത്തിൽ കടുത്ത വിമർശനം നേരിടുന്ന ജില്ലാ കളക്ടർ അരുൺ കെ. വിജയൻ അവധിയിൽ പ്രവേശിച്ചേക്കും എന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു ജില്ലാ വികസന സമിതി യോഗം നിശ്ചയിച്ചത്.