'രാഹുൽ മാങ്കൂട്ടത്തിൽ ഷാഫിയുടെ നോമിനി'; തീരുമാനം എടുത്ത ശേഷം വിവാദങ്ങളിൽ കഴമ്പില്ലെന്ന് കെ സുധാകരൻ
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പിലിന്റെ നോമിനിയാണെന്ന് സമ്മതിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ഒരു മലയാളം ചാനലിനോടാണ് കെ സുധാകരനാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. 'ഷാഫിയുടെ നിർദേശം പാർട്ടി അംഗീകരിച്ചാണ് രാഹുലിനെ സ്ഥാനാർത്ഥിയാക്കിയത്. വടകരയിൽ ഷാഫിയെ സ്ഥാനാർത്ഥിയാക്കിയതിന് പകരമായിരുന്നില്ല ഈ തീരുമാനം. സ്ഥാനാർത്ഥിയെ സംബന്ധിച്ച് പാലക്കാട് ഡിസിസിയിൽ പല അഭിപ്രായങ്ങളും ഉണ്ടായിരുന്നു. എന്നാൽ തീരുമാനം എടുത്ത ശേഷം പിന്നീട് വിവാദങ്ങളിൽ കഴമ്പില്ല',- സുധാകരൻ വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി നിർദേശിച്ച് സ്ഥാനാർത്ഥിയാണെന്ന് ആദ്യമായാണ് ഒരു കോൺഗ്രസ് നേതാവ് പരസ്യമായി പറയുന്നത്.
കെ മുരളീധരനെ പാലക്കാട് സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ഹെെക്കമാന്റിന് അയച്ച കത്ത് പുറത്തായത് പാർട്ടി അന്വേഷിക്കും. കത്ത് ഡിസിസി അയച്ചത് തന്നെയാകുമെന്ന് കെ സുധാകരൻ പറഞ്ഞു. കെപിസിസി ഓഫീസിൽ നിന്നാണോ കത്ത് പോയതെന്നും പാർട്ടി അന്വേഷിക്കും.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഡിസിസി നിർദ്ദേശിച്ചത് കെ മുരളീധരനെയായിരുന്നുവെന്ന് ഇന്നലെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ എഐസിസിക്ക് അയച്ച കത്തും ഇന്നലെ പുറത്തുവന്നിരുന്നു. രണ്ടുപേജുള്ള കത്തിന്റെ ഒരുഭാഗമാണ് പുറത്തുവന്നത്. ബിജെപിയെ തോൽപ്പിക്കാൻ മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്ന് കത്തിൽ പറയുന്നു. ഡിസിസി ഭാരവാഹികൾ ഏകകണ്ഠമായി എടുത്ത തീരുമാനമാണ് ഇതെന്നും കത്തിൽ പറയുന്നു. പുറത്തുവന്ന കത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരില്ല. പിന്നാലെ വലിയ വിവാദങ്ങൾ ഉയർന്നിരുന്നു.