മംഗലപുരത്ത് വീട്ടിൽ അതിക്രമിച്ചുകയറി പട്ടാപ്പകൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം , രണ്ടു യുവാക്കൾ അറസ്റ്റിൽ
കഴക്കൂട്ടം: മംഗലപുരത്ത് പട്ടാപ്പകൽ വീടിന്റെ കതക് തള്ളിത്തുറന്ന് അകത്തുകയറിയ രണ്ടുപേർ 20കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. സംഭവം ജനങ്ങളിൽ ആശങ്കയും ഭീതിയും പരത്തി. നാടിനാകെ നാണക്കേടായ കേസിലെ പ്രതികളെ മംഗലപുരം പൊലീസ് അറസ്റ്റുചെയ്തു. കേബിൾ നെറ്റ്‌വർക്ക് ജോലിക്കെത്തിയ കൊല്ലം ആദിച്ചനല്ലൂർ ഷൈജു മൻസിലിൽ ബൈജു (34), പരവൂർ പൂതക്കുളം ചരുവിള വീട്ടിൽ ജിക്കോ (27, ക്രിസ്റ്റിൻ) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു സംഭവം. വീട്ടിൽ ഈ സമയം പെൺകുട്ടി മാത്രമാണുണ്ടായിരുന്നത്. മാതാപിതാക്കളും സഹോദരനും പുറത്തുപോയിരിക്കുകയായിരുന്നു. വീടിന്റെ വാതിൽ ബലംപ്രയോഗിച്ച് തുറന്ന അക്രമികൾ പെൺകുട്ടിയെ കടന്നുപിടിച്ചു. പരിഭ്രാന്തയായ പെൺകുട്ടി നിലവിളിക്കാൻ തുടങ്ങിയതോടെ വായിൽ തുണി തിരുകിക്കയറ്റി. അതിനിടെ അക്രമികളെ തള്ളിമാറ്റിയ പെൺകുട്ടി പ്രാണരക്ഷാർത്ഥം നിലവിളിച്ചുകൊണ്ട് പുറത്തേക്കോടി. സമീപത്തെ മറ്റൊരു വീട്ടിലെത്തി വിവരം പറഞ്ഞു. വൈകിട്ട് ആറു മണിയോടെ വീട്ടുകാർ മംഗലപുരം പൊലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഞായറാഴ്ച പുലർച്ചെ മൂന്നോടെയാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ താമസിച്ചുവന്നിരുന്ന പോത്തൻകോട് വാവറയമ്പലത്തെ വാടകവീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും പെൺകുട്ടി തിരിച്ചറിഞ്ഞശേഷം അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഒരു കരാറുകാരന് കീഴിൽ കുറെ നാളായി കേബിൾ നെറ്റ് വർക്കുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തുവരികയായിരുന്നു പ്രതികൾ. കരാറുകാരനിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് പ്രതികളിലേക്ക് എത്താൻ പൊലീസിന് സഹാകമായത്. അറസ്റ്റിലായ ജിക്കോ കൊല്ലം പരവൂർ പൊലീസ് സ്റ്റേഷനിലെ നിരവധി കേസുകളിൽ പ്രതിയാണ്. പ്രതികൾക്കെതിരെ മാനഭംഗത്തിനു പുറമേ എസ്.സി/എസ്.ടി നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തതായി ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ജു ലാൽ പറഞ്ഞു.വിരലടയാള വിദഗ്ദ്ധരും ഫോറൻസിക്ക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതികളെ ഇന്നു കസ്റ്റഡിയിൽ വാങ്ങുമെന്ന് മംഗലപുരം പൊലീസ് പറഞ്ഞു.