ശബരിമല നട 30ന് തുറക്കും  ചിത്തിര ആട്ടവിശേഷം 31ന് 

Sunday 27 October 2024 11:00 PM IST

ശബരിമല: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട 30ന് വൈകിട്ട് 5ന് തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെയും മകൻ കണ്ഠരര് ബ്രഹ്മദത്തന്റെയും സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.എൻ.മഹേഷ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. അന്ന് പ്രത്യേക പൂജകളില്ല. 31നാണ് ചിത്തിര ആട്ടവിശേഷം. പുലർച്ചെ 5ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗണപതിഹോമം. 5.30 മുതൽ ഏഴുവരെയും ഒമ്പത് മുതൽ 11വരെയും നെയ്യഭിഷേകം. 7.30ന് ഉഷഃപൂജ. തുടർന്ന് ഉദയാസ്തമയപൂജ, 25 കലശം, കളഭാഭിഷേകം, ഉച്ചപൂജ. വൈകിട്ട് 6.30ന് ദീപാരാധന, 6.45ന് പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ. രാത്രി 10ന് നടയടയ്ക്കും. മണ്ഡല മഹോത്സവത്തിനായി നവംബർ 15ന് വൈകിട്ട് 5ന് നട തുറക്കും.

തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ടതാണ് ചിത്തിര ആട്ടവിശേഷം. തുലാമാസത്തിലെ ചിത്തിരനാളിൽ അദ്ദേഹം ശബരിമലയിലെത്തി മണ്ഡലപൂജയ്ക്ക് ആയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി നടയ്ക്കുവച്ചിരുന്നു. ഇതിന്റെ ഓർമ്മപുതുക്കലാണ് ചിത്തിര ആട്ടവിശേഷം.