ഈടില്ലാതെ ലോണ്‍ എടുക്കാന്‍ അവസരം, 20 ലക്ഷം രൂപ വരെ കൈയില്‍ കിട്ടും

Monday 28 October 2024 7:36 PM IST

ന്യൂഡല്‍ഹി: ഈടില്ലാതെ വായ്പ എടുക്കാന്‍ വമ്പന്‍ അവസരം ഒരുക്കി കേന്ദ്ര സര്‍ക്കാര്‍. വായപയെടുത്ത് സംരംഭം ആരംഭിക്കാന്‍ പ്രധാനമന്ത്രിയുടെ മുദ്ര യോജനയില്‍ ഇനി 20 ലക്ഷം രൂപ വരെ ലഭിക്കും. ഈ വര്‍ഷം അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ പ്രഖ്യാപനമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. മുദ്ര വായ്പകളുടെ പരിധി 20 ലക്ഷം ആക്കി ഉയര്‍ത്തുമെന്ന പ്രഖ്യാപനം ഇപ്പോള്‍ പ്രാബല്യത്തില്‍ ആയിരിക്കുകയാണ്. ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറിക്കി.

അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം രൂപയുടെ വായ്പകള്‍ തിരിച്ചടച്ചവര്‍ക്കാണ് 20 ലക്ഷം രൂപയുടെ വായ്പയ്ക്ക് അര്‍ഹതയുണ്ടായിരിക്കുക. പുതുതായി 'തരുണ്‍ പ്ലസ്' എന്ന വിഭാഗമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് മുതല്‍ പത്ത് ലക്ഷം വരെയുള്ള വായ്പകള്‍ തരുണ്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഒന്നാം എന്‍ഡിഎ സര്‍ക്കാരാണ് പ്രധാനമന്ത്രി മുദ്ര ലോണുകള്‍ ആരംഭിച്ചത്.

നേരത്തെ അഞ്ച് മുതല്‍ പത്ത് ലക്ഷം വരെയുള്ള തുക വായ്പയായി എടുത്ത് സംരംഭം ആരംഭിക്കുകയും വായ്പ കൃത്യമായി അടച്ച് തീര്‍ക്കുകയും ചെയ്തവര്‍ക്ക് തങ്ങളുടെ സംരംഭം വിപുലീകരിക്കാനാണ് 20 ലക്ഷം പരിധിയുള്ള തരുണ്‍ പ്ലസ് ഉപകാരപ്പെടുക. 24 വയസ് മുതല്‍ 70 വയസ് വരെ പ്രായത്തിലുള്ള സംരംഭകര്‍ക്കാണ് വായ്പ ലഭിക്കാന്‍ അര്‍ഹതയുണ്ടാകുക. നേരത്തെ വായ്പയെടുക്കുകയും തിരിച്ചടവ് കൃത്യമായി നടത്തിയവര്‍ക്കുമാണ് തരുണ്‍ പ്ലസ് സ്‌കീമിന് കീഴില്‍ യോഗ്യതയുണ്ടാകുക.

മുദ്ര പദ്ധതിക്കു കീഴില്‍ വായ്പയുടെ ഘടന ഇപ്രകാരം
.
1) ശിശു: 50,000 രൂപ വരെ
2) കിഷോര്‍: 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ
3) തരുണ്‍: 5 ലക്ഷം മുതല്‍ 10 ലക്ഷം വരെ
4) തരുണ്‍ പ്ലസ്: 20 ലക്ഷം വരെ.