വന്യമൃഗങ്ങളുടെ ശല്യം : വനംവകുപ്പിനെതിരെ ജനവികാരം ശക്തമെന്ന് ജീവനക്കാരുടെ സംഘടന

Tuesday 29 October 2024 12:38 AM IST

പത്തനംതിട്ട : വന്യജീവികൾ ജനവാസ മേഖലകളിൽ ഇറങ്ങി കൃഷിക്കു നാശം വരുത്തുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർദ്ധിച്ചതോടെ വനംവകുപ്പിനും ഉദ്യോഗസ്ഥർക്കുമെതിരെ ജനവികാരം രൂക്ഷമാണെന്ന് കേരള ഫോസ്റ്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിലെ പ്രമേയത്തിൽ പരാമർശം. മനുഷ്യ - വന്യജീവി സംഘർഷം ഒഴിവാക്കുന്നതിന് ഫലപ്രദമായ മാർഗങ്ങൾ ഇല്ലാത്തത് പൊതുജനങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരുമയുള്ള ബന്ധം മോശമാക്കി. പൊതുജനങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുന്നതിന് വനം ഒാഫീസുകളിലും സ്റ്റേഷനുകളിലും പബ്ളിക് റിലേഷൻസ് ഒാഫീസർമാരെ നിയമിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പൊതുജനങ്ങളോട് മാന്യമായി പെരുമാറാൻ കഴിയുന്ന ആശയവിനിമയം പാടവമുള്ളവരെയാണ് നിയമിക്കേണ്ടത്. പൊതുജനങ്ങളുടെ പരാതികൾക്ക് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പരിഹാരം കാണണം. വന്യജീവി ആക്രമണത്തിൽ കൃഷി നശിക്കുന്നതിന് നഷ്ടപരിഹാര തുക 2015ലാണ് അവസാനമായി പുതുക്കിയത്. ഇതു പരിഷ്കരിച്ച് തുക വർദ്ധിപ്പിക്കണം.

നിർബന്ധിത വകുപ്പുതല പരീക്ഷ വിജയിക്കാതെ സെക്ഷൻ ഫോറസ്റ്റ് ഒാഫീസർമാരായവരെ തരംതാഴ്ത്തണം. വനസംരക്ഷണ സമിതികൾ, ഇക്കോ ഡവലപ്പ്മെന്റ് കമ്മറ്റികൾ, വനശ്രീ ഇക്കോ ഷോപ്പുകൾ, ഇക്കോ ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ സാമ്പത്തിക ക്രമക്കേടുകൾ തടയാൻ കേന്ദ്രീകൃത അക്കൗണ്ടിംഗ് സോഫ്റ്റ് വെയർ വികസിപ്പിക്കണം. സമ്മേളനം വനംമന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ആർ.ആർ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വിജി പി.വർഗീസ്, ജനറൽ സെക്രട്ടറി എം.ദിൽഷാദ്, വൈസ് പ്രസിഡന്റ് വി.ജെ.ഗിവർ, സെക്രട്ടറി ബി.ജയ് മോഹൻ, ട്രഷറർ എം.മുജീബ്, റോബിൻ മാർട്ടിൻ, എൻ.സി.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.അലാവുദ്ദീൻ, ജിജി വട്ടശ്ശേരിൽ, സ്കറിയ വർഗീസ്, അനില പ്രദീപ്, റോയ് കെ.ജി, സുനിൽ മംഗലത്ത് എന്നിവർ പ്രസംഗിച്ചു.