പാലക്കാട്:കത്തിൽ കുരുങ്ങി സി.പി.എമ്മും

Tuesday 29 October 2024 12:18 AM IST

പാലക്കാട്: നഗരസഭ ഭരണം പിടിക്കാൻ മൂന്നു പതിറ്റാണ്ടു മുമ്പ് ബി.ജെ.പി പിന്തുണ തേടി സി.പി.എം നൽകിയ കത്ത് സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. ഇത് യു.ഡി.എഫ് പ്രചരണായുധമാക്കുന്നുണ്ട്.

1991ൽ പാലക്കാട് നഗരസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന സി.പി.എമ്മിലെ എം.എസ്.ഗോപാലകൃഷ്ണൻ അന്നത്തെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ടി.ചന്ദ്രശേഖരനു നൽകിയ കത്ത് ബി.ജെ.പി നേതാവ് സന്ദീപ് വാര്യരാണ് രണ്ടു ദിവസം മുമ്പ് പുറത്തു വിട്ടത്. കത്തിൽ പറയുന്നത് ഇങ്ങനെ: '1991 ഓഗസ്റ്റ് 9നു നടക്കുന്ന പാലക്കാട് നഗരസഭയിലെ ചെയർമാൻ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് വേണ്ടി ഭാരതീയ ജനതാ പാർട്ടിയുടെ 6 കൗൺസിലർമാരും വോട്ടു നൽകി എന്നെ വിജയിപ്പിക്കുന്നതിനു വേണ്ട തീരുമാനം കൈക്കൊള്ളുന്നതിനു അഭ്യർത്ഥിക്കുന്നു.'

അന്ന് നഗരസഭയിൽ കോൺഗ്രസിനു 18, സി.പി.എമ്മിനു 11, ബി.ജെ.പിക്ക് 6, ഒരു സ്വതന്ത്രൻ എന്നിങ്ങനെയായിരുന്നു കക്ഷി നില. ആകെ 36 വാർഡുകളാണുണ്ടായിരുന്ത്. ചെയർമാൻ വോട്ടെടുപ്പിൽ സ്വതന്ത്രൻ നിഷ്പക്ഷത പാലിച്ചു. സിപിഎം അംഗങ്ങൾക്കു പുറമേ കോൺഗ്രസിന്റെ ഒരംഗവും ബി.ജെ.പിയുടെ 6 അംഗങ്ങളും എം.എസ്.ഗോപാലകൃഷ്ണനു വോട്ടു ചെയ്തു. ഇതോടെ അദ്ദേഹം 18 വോട്ടുകൾ ലഭിച്ച് അദ്ധ്യക്ഷനായി.

ബി.ജെ.പി പിന്തുണ തേടി സി.പി.എം കത്ത് നൽകിയെന്നത് വ്യാജമാണെന്നും കുപ്രചരണങ്ങൾക്ക് സന്ദീപ് വാര്യർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി എം.ബി.രാജേഷ് വ്യക്തമാക്കി. സി.പി.എം - ബി.ജെ.പിക്ക് പിന്തുണ ആവശ്യപ്പെട്ടെന്ന് പറഞ്ഞ് പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും,അന്ന് ഭരിച്ചത് ലീഗിന്റെയും കോൺഗ്രസിന്റെയും പിന്തുണയോടെയാണെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലനും ഇന്നലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

പാലക്കാട് യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.മുരളീധരൻ വേണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി നേതൃത്വം നേരത്തേ എ.ഐ.സി.സിക്ക് അയച്ച കത്തും കഴിഞ്ഞ ദിവസം

പുറത്തു വന്നിരുന്നു. ഇത് ഇടതുപക്ഷവും ബി.ജെ.പിയും തിരഞ്ഞെടുപ്പ് പ്രചരണായുധമാക്കുകയാണ്.