കോടതിയുടെ തിമിംഗലം പരാമർശത്തിനെതിരെ ദേവസ്വങ്ങൾ

Tuesday 29 October 2024 1:39 AM IST

തൃശൂർ: തിമിംഗലത്തിന് ദൈവിക പരിവേഷമുണ്ടെന്ന് പൗരാണിക ഗ്രന്ഥങ്ങളിലോ ശാസ്ത്രങ്ങളിലോ പ്രതിപാദിക്കുന്നില്ലെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് പാറമേക്കാവ് -തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ. ഉത്സവങ്ങളിലെ ആനയെഴുന്നെള്ളിപ്പ് സംബന്ധിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നെന്നും ഭാരവാഹികൾ പറഞ്ഞു. ഇതാകണം തിമിംഗലത്തെ എഴുന്നള്ളിക്കാൻ കഴിയുമായിരുന്നെങ്കിൽ അതിനെയും പിടിച്ചുകൊണ്ടുവരുമായിരുന്നുവെന്ന കോടതി നിരീക്ഷണത്തിന് കാരണം.

ഹൈന്ദവ സംസ്‌കാരത്തിലും മതവിശ്വാസത്തിലും തിമിംഗലത്തെ എങ്ങനെ കണ്ടെത്തിയെന്ന് മനസിലാകുന്നില്ല. ഹൈന്ദവ പുരാണങ്ങളും മറ്റും വിശ്വസിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. അതിന്റെ പരിധിയിൽ നിന്നുള്ള ചടങ്ങേ ഹിന്ദുസമൂഹം അനുഷ്ഠിക്കുന്നുള്ളൂ. ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളുടെയും മതവിശ്വാസത്തിന്റെയും ഭാഗമാണ് ആനയെഴുന്നെള്ളിപ്പെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്തും.

വിവിധ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠകൾക്ക് വിവിധ ഭാവങ്ങളാണുള്ളത്. അതുപ്രകാരം ആനയെ ഒഴിവാക്കേണ്ട സ്ഥലങ്ങളിൽ ഒഴിവാക്കിയിട്ടുണ്ട്. മൂകാംബിക, തൃച്ചംബരം ക്ഷേത്രങ്ങൾ ഉദാഹരണമാണ്. താന്ത്രിക വിധിപ്രകാരം ആനയെ ഒഴിവാക്കിയിട്ടുള്ള ക്ഷേത്രങ്ങളുമുണ്ട്. ചങ്ങല കൊണ്ട് ആനയുടെ കാലുകൾ ബന്ധിക്കുന്നത് കപട മൃഗസ്‌നേഹികൾ ഉന്നയിക്കുന്നതുപോലെ തെറ്റോ ക്രൂരതയോ അല്ലെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജി.രാജേഷ്, ഗിരീഷ് കുമാർ, സതീഷ് കുമാർ, ചേങ്ങോത്ത് തന്ത്രവിദ്യാപീഠത്തിലെ ശ്രീനിവാസൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.