ശ്രീറാം വെങ്കിട്ടരാമൻ ആശുപത്രിവിട്ടു, നാലാഴ്ചത്തെ വിശ്രമം വേണമെന്ന് ഡോക്ടർമാർ

Monday 12 August 2019 7:59 PM IST

തിരുവനന്തപുരം: മാദ്ധ്യമപ്രവ‍ർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസി ജാമ്യം നേടിയ ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി വിട്ടു. അപകടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ. മാധ്യമങ്ങളെ ഒഴിവാക്കാനായി ആശുപത്രിയുടെ അകത്ത് നിന്ന് ആംബുലൻസിലാണ് ശ്രീറാം പോയത്.

മെഡിക്കൽ സംഘം നടത്തിയ പരിശോധനയിൽ ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വൈകിട്ട് അഞ്ചരയോടെ ശ്രീറാമിനെ ഡിസ്ചാര്‍ജ് ചെയ്തത്. ശ്രീറാം വെങ്കിട്ടരാമന് ഡോക്ടർമാർ നാലാഴ്ചത്തെ വിശ്രമം നിർദേശിച്ചിട്ടുണ്ട് എന്നാണ് വിവരം. കനത്ത ആഘാതങ്ങൾ മൂലം ഒരു സംഭവത്തെ കുറിച്ച് പൂർണമായി ഓർത്തെടുക്കാനാകാത്ത റെട്രൊഗ്രേഡ് അംനേഷ്യ ശ്രീറാമിന് ബാധിച്ചെന്ന് നേരത്തെ മെഡിക്കല്‍ ബോർഡ് വ്യക്തമാക്കിയിരുന്നു.

അപകടം നടന്ന് ഒരാഴ്ച പിന്നിട്ട ശേഷമാണ് ശ്രീറാം വെങ്കിട്ടരാമv ആശുപത്രി വിടുന്നത്. ശ്രീറാം വെങ്കിട്ടരാമനെതിരായ കുറ്റപത്രം 30 ദിവസത്തിനകം സമർപ്പിക്കണമെന്ന് ഡി.ജി.പി നേരത്തെ നിർദേശം നല്‍കിയിരുന്നു. ബഷീറിന്റെ മരണത്തിന് കാരണമായി വാഹനം ഓടിച്ചത് താനാണെന്നും എന്നാൽ മദ്യപിച്ചിരുന്നില്ലെന്നും അന്വേഷണസംഘത്തോട് ശ്രീറാം വെങ്കിട്ടരാമൻ പറഞ്ഞിരുന്നു. എന്നാല്‍, അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായാണ് സാക്ഷിമൊഴികൾ.