പാർട്ടി കൈവിട്ടില്ല, പിപി ദിവ്യയ്‌ക്കെതിരെ നടപടി ഉടനില്ല; വിഷയം ജില്ലാ സെക്രട്ടേറിയറ്റിൽ ചർച്ചയായില്ല

Wednesday 30 October 2024 2:19 PM IST

കണ്ണൂർ: എഡിഎമ്മിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന പിപി ദിവ്യയ്‌ക്കെതിരെ പാർട്ടി നടപടി ഉടനുണ്ടാകില്ല. ഇന്ന് ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്‌തില്ല. നാളെ മുതൽ പാർട്ടി ഏരിയ സമ്മേളനങ്ങൾ തുടങ്ങുന്ന സാഹചര്യത്തിൽ അക്കാര്യങ്ങളാണ് ചർച്ചയായത്.

പൂർണ സെക്രട്ടേറിയറ്റ് യോഗമല്ല ഇന്ന് ചേർന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ദിവ്യയെ നീക്കിയത് തന്നെ അവർക്കെതിരെയുള്ള നടപടിയായി ഒരു വിഭാഗം വിലയിരുത്തുന്നുണ്ട്. സമ്മേളന കാലയളവിൽ അച്ചടക്ക നടപടി വേണ്ടെന്നാണ് പൊതുവികാരം.

ഇന്നലെ ദിവ്യ പൊലീസിൽ കീഴടങ്ങാനെത്തിയപ്പോഴും പാർട്ടി പ്രവർത്തകർ ഒപ്പമുണ്ടായിരുന്നു. പിന്നീട് പൊലീസ് ദിവ്യയുമായി മജിസ്‌ട്രേറ്റിന്റെ വസതിയിൽ എത്തിയപ്പോഴും പിന്തുണയുമായി ഡിവൈഎഫ്‌ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ എത്തിയിരുന്നു. നടപടി സ്വീകരിക്കാതിരുന്നതോടെ ദിവ്യയ്‌ക്ക് ഇനിയും പാർട്ടി തലത്തിൽ സംരക്ഷണമുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.