തെരുവ് നായ്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകി തുടങ്ങി
Thursday 31 October 2024 12:26 AM IST
മണ്ണാർക്കാട്: നഗരസഭാ പരിധിയിലെ തെരുവുനായകൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകി തുടങ്ങി. നഗരസഭയും മൃഗസംരക്ഷണവകുപ്പും ചേർന്നാണ് നടപടി ആരംഭിച്ചത്. ചൊവ്വാഴ്ച ആറുവാർഡുകളിൽ നിന്നും പിടികൂടിയ 42 തെരുവുനായകൾക്ക് കുത്തിവെപ്പെടുത്തതായി അധികൃതർ അറിയിച്ചു. അരകുറുശ്ശി, വിനായക നഗർ, പാറപ്പുറം, നാരങ്ങാപ്പറ്റ, നായാടിക്കുന്ന്, ചന്തപ്പടി വാർഡുകളിൽ നിന്നാണ് തെരുവുനായകളെ പിടികൂടിയത്. കഴിഞ്ഞ ആഴ്ച നഗരത്തിലുണ്ടായ തെരുവുനായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണിത്. നാരങ്ങാപ്പറ്റ, നായാടിക്കുന്ന്, ചന്തപ്പടി വാർഡുകളിലെ 12 പേർക്കാണ് അന്ന് കടിയും പോറലുമേറ്റത്. തുടർന്നാണ് അടിയന്തര സാഹചര്യം നേരിടുന്നതിനായി മൃഗപ്രജനന നിയന്ത്രണ പദ്ധതി നിർവാഹക സമിതി യോഗം ചേർന്ന് തെരുവുനായകൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകാൻ തീരുമാനിച്ചത്.