വീണ്ടും നായകസ്ഥാനത്തേക്ക് എത്താൻ വിരാട് കൊഹ്‌ലി? താരം സമ്മതമറിയിച്ചതായി സൂചന

Wednesday 30 October 2024 7:22 PM IST

ബംഗളൂരു: ന്യൂസിലാന്റുമായുള്ള രണ്ട് ടെസ്‌റ്റ് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാൻ ഇന്ത്യൻ മുൻ നായകൻ വിരാട് കൊഹ്‌ലിക്കായില്ല. നാല് ഇന്നിംഗ്‌സുകളിലുമായി 88 റൺസ് മാത്രമാണ് കൊഹ്‌ലി നേടിയത്. കൊഹ്‌ലിയുടെ പ്രകടനം ഇത്തരത്തിൽ ആരാധകർക്ക് വിഷമം വരുത്തിയതിനിടെ മറ്റൊരു ആവേശകരമായ വാർത്ത പുറത്തുവരികയാണ്. ഐപിഎൽ 2025 സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് പുതിയ നായകനെ തിരഞ്ഞെടുക്കാൻ പോകുകയാണ്. നിലവിലെ നായകൻ ദക്ഷിണാഫ്രിക്കൻ മുൻ താരം ഫാഫ് ഡുപ്ളെസിയ്‌ക്ക് 40 വയസ് തികഞ്ഞതിനാൽ പുതിയ നായകൻ വേണം. ഇക്കാര്യത്തിൽ ടീം മാനേജ്‌മെന്റ് ഉറച്ച തീരുമാനം എടുത്തുകഴിഞ്ഞു. വിരാട് കൊഹ്‌ലി തന്നെ ആർ‌സി‌ബിയെ നയിക്കും.

2013 മുതൽ 2021 വരെ ആ‌ർസി‌ബിയുടെ ക്യാപ്റ്റനായിരുന്നു കൊഹ്‌ലി. 2021ൽ ഇന്ത്യൻ നായകസ്ഥാനം രാജിവച്ച് ദിവസങ്ങൾക്കകമാണ് ഐപിഎൽ ഫ്രാഞ്ചൈസിയുടെ നായകസ്ഥാനവും കൊഹ്‌ലി ഒഴിഞ്ഞത്. 2022 മുതൽ ഈ വർഷം വരെ ഡുപ്ളെസി ആയിരുന്നു നായകൻ. എന്നാൽ ഇതുവരെയുള‌ള ഒരു സീസണിലും കപ്പ് നേടാൻ ആർ‌സി‌ബിയ്‌ക്ക് കഴിഞ്ഞില്ല. നാല് സീസണിൽ പ്ളേ ഓഫിലെത്തിക്കാനും 2016ൽ ഫൈനലിലെത്താനും കൊഹ്‌ലിയുടെ മികവിൽ ആർസിബിയ്‌ക്ക് കഴിഞ്ഞു.സൺ റൈസേഴ്‌സ് ഹൈദരാബാദിനോട് ഫൈനലിൽ മത്സരിച്ചെങ്കിലും ജയം സൺറൈസേഴ്‌സിനായിരുന്നു. ശുഭ്‌മാൻ ഗില്ലടക്കം താരങ്ങളുമായി ആർസിബി മാനേജ്‌മെന്റ് നടത്തിയ ചർച്ചയ്‌ക്ക് പിന്നാലെയാണ് മുൻ നായകനായ കൊഹ്‌ലിയിലേക്ക് തന്നെ നായകസ്ഥാനം എത്തിയത്.