വാങ്കഡെയിലെങ്കിലും സങ്കടം മാറുമോ ?
ഇന്ത്യ- ന്യൂസിലാൻഡ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെ മുതൽ മുംബയ് വാങ്കഡെ സ്റ്റേഡിയത്തിൽ
പരമ്പരയിലെ സമ്പൂർണ പരാജയം ഒഴിവാക്കാൻ ഇന്ത്യ
മുംബയ് : ചരിത്രത്തിലാദ്യമായി ഇന്ത്യൻ മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര നേടിയതിന്റെ ആഹ്ളാദത്തിലിരിക്കുന്ന ന്യൂസിലാൻഡിന് നാളെ മുംബയ് വാങ്കഡേ സ്റ്റേഡിയത്തിൽ തുടങ്ങുന്ന മൂന്നാം ടെസ്റ്റിനെക്കുറിച്ച് ഒരു ടെൻഷനുമില്ല. എന്നാൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അങ്ങനെയല്ല. ഇന്ത്യൻ മണ്ണിലെ 18 പരമ്പര വിജയങ്ങളുടെ തുടർച്ചയ്ക്കാണ് കിവികൾ അറുതിവരുത്തിയിരിക്കുന്നത്. ഹോം ഗ്രൗണ്ടിലെ ഇന്ത്യയുടെ അജയ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ബെംഗളുരുവിൽ പേസ് ബൗളിംഗിനുമുന്നിലും പൂനെയിൽ സ്പിൻ ബൗളിംഗിന് മുന്നിലും ഒന്നുപോലെ പരാജയപ്പെട്ട ബാറ്റിംഗ് നിരയാണ് മറ്റൊരു ഭാരം. രോഹിതും വിരാടും ഉൾപ്പടെയുള്ള സീനിയർ താരങ്ങളുടെ ഫോമില്ലായ്മ വരാനിരിക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിനെക്കുറിച്ചുകൂടി ആശങ്കയേറ്റുന്നു.
കഴിഞ്ഞ മാസം ബംഗ്ളാദേശിനെതിരായ രണ്ട് മത്സരപരമ്പര ജയിച്ച് തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു രോഹിതും സംഘവും. കിവീസാകട്ടെ ലങ്കയിൽ ചെന്ന് രണ്ട് മത്സരപരമ്പര 2-0ത്തിന് കൈവിട്ടതിന്റെ നിരാശയിലും. ഈ മാസം ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ രണ്ട് ടെസ്റ്റുകളിൽ ഏറ്റുമുട്ടിക്കഴിഞ്ഞപ്പോൾ സ്ഥിതിഗതികൾ നേരേ തിരിഞ്ഞു. പരിക്കേറ്റ സൂപ്പർ താരം കേൻ വില്യംസണിനെ മൂന്നാം ടെസ്റ്റിൽ കളിപ്പിച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന ചിന്താഗതിയിലാണ് ഇപ്പോൾ കിവീസ്. പരമ്പര കൈവന്നുകഴിഞ്ഞതിനാൽ ഇനി വില്യംസണില്ലെങ്കിലും പ്രശ്നമില്ലെന്ന മട്ട്.ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തണമെങ്കിൽ മുംബയ്‌യിലേത് ഉൾപ്പടെ ശേഷിക്കുന്ന എട്ട് മത്സരങ്ങളിലും വിജയിക്കേണ്ട അവസ്ഥയിലാണ് ഇന്ത്യ. ഇതിൽ അഞ്ചെണ്ണം ഓസ്ട്രേലിയയ്ക്ക് എതിരെ അവരുടെ നാട്ടിൽവച്ചാണെന്നതാണ് വലിയ വെല്ലുവിളി.
വാങ്കഡെ സ്റ്റേഡിയത്തിലെ പിച്ച് പൂർണമായും സ്പിന്നർമാർക്ക് അനുകൂലമാകുന്ന രീതിയിലേക്ക് മാറ്റാൻ ഇന്ത്യ തയ്യാറാകില്ലെന്നാണ് സൂചന. ബെംഗളുരുവിലെ ആദ്യ തോൽവിക്ക് ശേഷം പൂനെയിൽ പിച്ചിലെ പുല്ല് നിശേഷം ഒഴിവാക്കി സ്പിന്നർമാർക്ക് വേണ്ടി മാത്രമായാണ് ഒരുക്കിയിരുന്നത്. എന്നാൽ ഈ തന്ത്രം ഇന്ത്യയ്ക്ക് തന്നെ തിരിച്ചടിയായി. ഇതേത്തുടർന്നാണ് മുംബയ്‌യിൽ ഈ നീക്കം വേണ്ടെന്ന് തീരുമാനിച്ചതെന്ന് അറിയുന്നു. ആദ്യ ദിവസങ്ങളിൽ ബാറ്റർമാർക്ക് അനുകൂലമാകുന്ന പിച്ചാകും വാങ്കഡെയിൽ ഒരുക്കുന്നത്. പുല്ലുള്ളത് പേസർമാർക്കും പ്രയോജനപ്പെടും.
പട്ടേലിന്റെ 10 വിക്കറ്റുകൾ
2021 ഡിസംബറിൽ ഇതേടീമുകൾ ഇവിടെ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ 372 റൺസിനാണ് വിജയിച്ചിരുന്നത്. ആദ്യ ഇന്നിംഗ്സിൽ 325 റൺസ് നേടിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 276/7ന് ഡിക്ളയർ ചെയ്തു.കിവീസ് ആദ്യ ഇന്നിംഗ്സിൽ 62 റൺസിനും രണ്ടാം ഇന്നിംഗ്സിൽ 167 റൺസിനും ആൾഔട്ടായി. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിലെ 10 വിക്കറ്റുകളും വീഴ്ത്തി അജാസ് പട്ടേൽ ചരിത്രം കുറിച്ചത് ഈ മത്സരത്തിലാണ്.
ഹർഷിത് റാണ ഇന്ത്യൻ ടീമിൽ
മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ 22കാരനായ വലംകൈയൻ പേസർ ഹർഷിത് റാണയെ ഉൾപ്പെടുത്തി. ആദ്യ മത്സരങ്ങളിൽ റിസർവ് ലിസ്റ്റിൽ ഉണ്ടായിരുന്ന ഹർഷിതിനെ ഡൽഹിക്കായി രഞ്ജി ട്രോഫി കളിക്കാൻ ടീമിൽ നിന്ന് റിലീസ് ചെയ്തിരുന്നു. പിന്നാലെയാണ് മൂന്നാം ടെസ്റ്റിനായി തിരികെ വിളിപ്പിച്ചത്. വരാനിരിക്കുന്ന ഓസ്ട്രേലിയൻ പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിലും ഹർഷിതിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. വാങ്കഡെ ടെസ്റ്റിൽ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നൽകി റാണയെ കളിപ്പിക്കുമെന്നാണ് സൂചന.
സ്പിൻ പേടി മാറ്റാൻ 35 നെറ്റ് ബൗളേഴ്സ്
മുംബയ്‌യിൽ ഇന്ത്യൻ ടീമിനെ പരിശീലനത്തിൽ സഹായിക്കാനായി 35 നെറ്റ് ബൗളർമാരെയാണ് ബി.സി.സി.ഐ എത്തിച്ചിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും സ്പിന്നർമാരാണ്. കഴിഞ്ഞ മത്സരങ്ങളിൽ സ്പിൻ ബൗളേഴ്സിനെ നേരിടുന്നതിൽ ഇന്ത്യൻ ബാറ്റർമാർ പരാജയപ്പെട്ടതിനാലാണ് ഈ തയ്യാറെടുപ്പ്.