ശ്രീജേഷാവേശം

Wednesday 30 October 2024 10:21 PM IST

തിരുവനന്തപുരം : രാജ്യത്തിന് അഭിമാനമായ ഹോക്കി താരം പി.ആർ.ശ്രീജേഷിനെ പോലുള്ള താരങ്ങൾ എല്ലാ കായികയിനങ്ങളിലും സൃഷ്ടിക്കപ്പെടണമെന്നും അവരിലൂടെ കൂടുതൽ ഒളിമ്പിക്‌സ് മെഡലുകൾ സ്വന്തമാക്കാൻ കേരളത്തിന് കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാരീസ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ശ്രീജേഷിനെ അനുമോദിക്കാൻ സംഘടിപ്പിച്ച ചടങ്ങ് വെള്ളയമ്പലം ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിന്റെ ഉപഹാരമായ രണ്ടു കോടി രൂപയുടെ ചെക്കും മുഖ്യമന്ത്രി കൈമാറി.

ശ്രീജേഷിന്റെ കായിക ജീവിതം ഏതൊരു കായിക താരത്തിനും മാതൃകയാണ്. അർപ്പണമനോഭാവവും കഠിനാധ്വാനവും ലക്ഷ്യബോധവും പ്രകടിപ്പിച്ച ശ്രീജേഷ് സഹതാരങ്ങൾക്ക് പ്രചോദനമാണ്. വിരമിച്ചില്ലായിരുന്നെങ്കിൽ ഇനിയും ഏറെനാൾ നല്ല നിലവാരത്തിൽ ശ്രീജേഷിന് കളിക്കാൻ കഴിയുമായിരുന്നു. ദേശീയ ജൂനിയർ ടീമിന്റെ പരിശീലകനായി ശ്രീജേഷിനെ നിയമിച്ചത് ഉചിതമായ തീരുമാനമാണ്. വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടർ പദവിയിലിരുന്ന് സ്‌കൂൾതലം മുതലുള്ള കേരളത്തിലെ കായിക വികസനത്തിന് വളർച്ചയ്ക്ക് സംഭാവന നൽകാൻ കഴിയും. ശ്രീജേഷിന്റെ സേവനം കൂടതലായി എങ്ങനെ വിനിയോഗിക്കാമെന്ന് സർക്കാർ പരിശോധിക്കുകയാണ്. ഉന്നത നിലവാരമുള്ള ഒരു കായിക സംസ്‌കാരം സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടണമെന്നും മുൻ കായിക താരങ്ങൾ ഈ ദൗത്യത്തിന്റെ മുൻപന്തിയിൽ നിൽക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മാനവീയം വീഥിയിൽ നിന്ന് ബാൻഡ് മേളത്തിന്റെയും സ്കേറ്റിംഗ് താരങ്ങളുടെയും വിദ്യാർത്ഥികളുടെയും അകമ്പടിയോടെ തുറന്ന ജീപ്പിലാണ് ശ്രീജേഷിനെ സ്റ്റേഡിയത്തിലേക്ക് എത്തിച്ചത്. മന്ത്രി വി.അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. 2018ലെ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ പി.യു.ചിത്ര, മുഹമ്മദ് അനസ്, വി.കെ.വിസ്മയ, വി.നീന, കുഞ്ഞുമുഹമ്മദ് എന്നിവർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് സ്‌പോർട്സ് ഓർഗനൈസറായി നിയമനം നൽകിക്കൊണ്ടുള്ള ഉത്തരവ് മന്ത്രി വി.ശിവൻകുട്ടി കൈമാറി.പരീസ് ഒളിമ്പിക്സിൽ പങ്കെടുത്ത മുഹമ്മദ് അനസ്,എച്ച്.എസ്.പ്രണോയ്,മുഹമ്മദ് അജ്മൽ,അബ്ദുള്ള അബൂബക്കർ എന്നീ താരങ്ങൾക്കും അത്‌ലറ്റിക്സ് കോച്ച് പി.രാധാകൃഷ്ണൻ നായർക്കും അഞ്ച് ലക്ഷം രൂപയുടെ പാരിതോഷികവും സമ്മാനിച്ചു. ആന്റണി രാജു എം.എൽ.എ,മുൻമന്ത്രി എം.വിജയകുമാർ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്,കായിക യുവജനകാര്യ ഡയറക്ടർ വിഷ്ണുരാജ്, ഐ.എം.വിജയൻ,സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി തുടങ്ങിയവർ പങ്കെടുത്തു.