പെട്രോളിയം ഡീലർ കമ്മീഷൻ ഉയർത്തി എണ്ണക്കമ്പനികൾ
ചരക്ക് കൈകാര്യ ചെലവ് കുറച്ചതോടെ വിദൂര സ്ഥലങ്ങളിൽ ഇന്ധന വില കുറയും
കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളുടെ ഡീലർമാർക്ക് ആശ്വാസം പകർന്ന് പൊതുമേഖല എണ്ണക്കമ്പനികൾ കമ്മീഷൻ വർദ്ധിപ്പിച്ചു. ഇതോടൊപ്പം സംസ്ഥാനത്തിനകത്ത് ഇന്ധന കൈമാറ്റ നിരക്കിൽ കുറവ് വരുത്തിയതോടെ ഉൾപ്രദേശങ്ങളിൽ പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ നേരിയ കുറവുണ്ടായി. പെട്രോളിന് ലിറ്ററിന് 65 പൈസയും ഡീസലിന് 44 പൈസയും ഡീലർ കമ്മിഷൻ കൂട്ടിയതിന്റെ പ്രതിഫലനം വിലയിൽ ഉണ്ടാവില്ല. എണ്ണക്കമ്പനികളുടെ തീരുമാനം രാജ്യത്തെ 83,000 ഡീലർമാർക്ക് അനുഗ്രഹമാകുമെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.
ചരക്ക് കൈമാറ്റ ചാർജ് കുറച്ചതോടെ ഒറീസ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ, തെലങ്കാന എന്നിവിടങ്ങളിലെ വിദൂര ഗ്രാമങ്ങളിൽ ഇന്ധന വില ഗണ്യമായി താഴും. ഒറീസയിൽ പെട്രോൾ വില ലിറ്ററിന് 4.65 രൂപ വരെ കുറയും. തിരുവനന്തപുരത്ത് പെട്രോൾ വിലയിൽ എട്ട് പൈസ കുറയുമെങ്കിലും ഡീസൽ വില അഞ്ച് പൈസ കൂടും. കൊച്ചിയിലും വിലയിൽ നേരിയ വർദ്ധനയുണ്ടാകും.