സർക്കാരിലെ വിശ്വാസം വളർച്ചയ്ക്ക് കരുത്താകുന്നുവെന്ന്  മന്ത്രി പി. രാജീവ്

Thursday 31 October 2024 12:41 AM IST

തിരുവനന്തപുരം: സംരംഭകർക്ക് സർക്കാർ നയങ്ങളിലും സംവിധാനത്തിലുമുള്ള വിശ്വാസമാണ് കേരളത്തിലെ വ്യവസായ വളർച്ചയ്‌ക്ക് കരുത്താകുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 നു മുന്നോടിയായി മാലിന്യ നിർമാർജനം, പുനരുപയോഗം, ഹരിത സംരംഭകത്വം എന്നിവയെക്കുറിച്ച് സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെഎസ്‌ഐഡിസി) സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ കേരളം മുൻനിരയിലായതോടെ കമ്പനികളും സംരംഭകരും ഇവിടെ നിക്ഷേപത്തിന് ഒരുങ്ങുകയാണ്. മടങ്ങിയെത്തിയ നിരവധി പ്രവാസികൾ കേരളത്തിൽ പുതിയ സംരംഭങ്ങൾ തുടങ്ങി. സംരംഭക വർഷത്തിന്റെ ഭാഗമായി 3,15,000 സംരംഭങ്ങളാണ് ആരംഭിച്ചത്. ഇവയിൽ ഒരു ലക്ഷത്തിലധികം വനിതാ സംരംഭകരാണ്. മാലിന്യ നിർമ്മാർജനത്തിലെ പരമ്പരാഗത രീതികൾ മാറി പുതിയ സംസ്‌കാരം രൂപപ്പെടണമെന്ന് മന്ത്രി പറഞ്ഞു.

കെ.എസ്‌.ഐ.ഡി.സി മാനേജിംഗ് ഡയറക്‌ടർ എസ്. ഹരികിഷോർ, ശുചിത്വ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ യു.വി ജോസ്, കെ. ഡിസ്‌ക് എക്സിക്യുട്ടീവ് ഡയറക്ടർ സുദീപ് പി. നായർ, കെ.എസ്‌.ഐ.ഡി.സി എക്സിക്യുട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ ആർ. ജനറൽ മാനേജർ വർഗീസ് മാളാക്കാരൻ എന്നിവർ പങ്കെടുത്തു.