പഴകുളത്ത് ബസ് അപകടം : 25 പേർക്ക് പരിക്ക്
അടൂർ: കെ.പി റോഡിൽ വാനിലിടിച്ച സ്വകാര്യ ബസ് റോഡരികിലെ വൈദ്യുതി തൂണിലും മതിലിലേക്കും പാഞ്ഞുകയറി വിദ്യാർത്ഥികൾ ഉൾപ്പെടെ 25 പേർക്ക് പരിക്കേറ്റു. അടൂരിൽ നിന്ന് കായംകുളത്തിന് പോയ ഹരിശ്രീ ബസാണ് പഴകുളം ഭവദാസ് മുക്കിന് സമീപം അപകടത്തിൽ പെട്ടത്. കാൽനടയാത്രികനായ പഴകുളം മേട്ടുംപുറം മലയുടെ കിഴക്കേതിൽ മനോജിന് (40) ഗുരുതരമായി പരിക്കേറ്റു. മനോജിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ബസ് ഡ്രൈവർ കറ്റാനം സ്വദേശി ഷിജുവിനെ അടൂരിലെ സ്വകാര്യ ആശുപത്രിയിലും കണ്ടക്ടർ പള്ളിക്കൽ ശ്രീഭവനിൽ ശ്രീകണ്ഠൻ (35)നെ അടൂർ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പരിക്കേറ്റ യാത്രക്കാർ
അടൂർ ഹോളി എയ്ഞ്ചൽസ് സ്കൂൾ വിദ്യാർത്ഥി ആദിക്കാട്ടുകുളങ്ങര ഫൈസിയിൽ ഹാഫിസ് (8), അടൂർ ഐ.എച്ച്.ആർ.ഡി അപ്ളൈഡ് സയൻസ് കോളേജ് വിദ്യാർത്ഥി പടനിലം കരിപ്പാലിൽ കിഴക്കേതിൽ പുത്തൻ വീട്ടിൽ സുധീപ് (20), പത്തനാപുരം പുന്നല ഇഞ്ചകുഴി വടക്കേക്കരയിൽ മണിയമ്മ (54), മകൾ വിഷ്ണുദീപ (35), പള്ളിക്കൽ അറപ്പുര കിഴക്കേതിൽ അദ്വൈത് (17), മാവേലിക്കര കുഴിപ്പറമ്പിൽ പടീറ്റേതിൽ ഇനൂഷ് (17), നൂറനാട് കാട്ടൂത്തറവിളയിൽ രമ്യ (38),നൂറനാട് അഷ്ടപതിയിൽ അഷ്ടമി (17), നൂറനാട് തെങ്ങുവിളയിൽ കൃഷ്ണ (17), ചാരുംമൂട് കരൂർ കിഴക്കേതിൽ അക്ഷിത (18), ആനയടി രാഗലയത്തിൽ രാഗേന്ദു (19), കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥി കുറ്റിത്തെരുവ് മോഹൻസ് കോട്ടേജിൽ ദേവിക (17), അടൂർ ഗേൾസ് സ്കൂളിലെ വിദ്യാർത്ഥി പഴകുളം പൂവണ്ണംതടത്തിൽ സൈനു ഫാത്തിമ (17), കുടശ്ശനാട് നടുവിലേത്ത് സോന സജു (17), ആനയടി ഇന്ദിരാലയം ഗായത്രി (17), ആദിക്കാട്ട് കുളങ്ങര കാവുവിളയിൽ ഫൗസിയ (32), ആദിക്കാട്ട് കുളങ്ങര മലീഹ മൻസിലിൽ മലീഹ ബഷീർ (17), ചാരുംമൂട് കല്ലുവിളാകത്ത് ഫേബ (43), കായംകുളം പെരിങ്ങാല കുറ്റിയിൽ രാജീവ് ഭവനിൽ അശ്വിൻ (16), ആദിക്കാട് കുളങ്ങര മീനത്തേതിൽ ഐഷ നിസാം, പന്തളം കടയ്ക്കാട് ശങ്കരത്തിൽ റംലത്ത് ബീവി (53), ആലപ്പുഴ കോമല്ലൂർ വടക്കടത്തു കിഴക്കേതിൽ എസ്.സബീന (18).
അപകടം ഇന്നലെ വൈകിട്ട് 4.45ന്,
പരിക്കേറ്റതിൽ ഏറെയും വിദ്യാർത്ഥികൾ
ബസിന്റെ പ്ലേറ്റ് ഒടിഞ്ഞത് അപകട കാരണം
വലിയ ശബ്ദം; കൂട്ടനിലവിളി
വലിയ ശബ്ദം കേട്ടാണ് സമീപത്തെ ഇരു ചക്രവാഹന സ്‌പെയ്‌ർ പാർട്സ് കടയിലെ ജീവനക്കാർ അപകട സ്ഥലത്തേക്ക് ഓടിയെത്തിയത്. ഒപ്പം പരിസരത്തെ വീടുകളിലെ സ്ത്രീകളടക്കമുള്ളവരും എത്തി രക്ഷാപ്രവർത്തകരായി. വഴിയാത്രക്കാരനായ ഡോക്ടറും അതുവഴി വന്ന ബസിലെ നഴ്സിംഗ് വിദ്യാർത്ഥികളും പരിക്കേറ്റവർക്ക് ആശ്വാസമായി. ആദ്യം പരിക്കേറ്റവരെ സമീപത്തെ വീട്ടിലേക്കെത്തിച്ചു പരിചരിച്ചു. പിന്നാലെ പൊലീസും പത്തോളം ആംബുലൻസും എത്തി.