അപകടത്തിൽ കാൽനഷ്ടപ്പെട്ട സന്ധ്യാറാണിക്കായി അദ്ധ്യാപക തസ്തിക

Thursday 31 October 2024 12:41 AM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് കല്ല് കൊണ്ടുപോയ ലോറിയിടിച്ച് കാൽ നഷ്ടപ്പെട്ട അദ്ധ്യാപിക സന്ധ്യാറാണിക്ക് സർക്കാർ കൈത്താങ്ങ്. വെങ്ങാനൂർ ഗവ.മോഡൽ എച്ച്.എസ്.എസിലെ എൽ.പി സ്‌കൂൾ അസിസ്റ്റന്റ് സന്ധ്യാറാണിക്ക് സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് സർവീസിൽ തുടരാൻ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അപകടം സംഭവിച്ച 2023 ഡിസംബർ 19 മുതൽ ജോലിയിൽ പ്രവേശിക്കാൻ പ്രാപ്തയാകുന്ന തീയതി വരെയോ സർവീസിൽ നിന്ന് വിരമിക്കുന്നതുവരെയോ ഏതാണോ ആദ്യം അതുവരെയാണ് തസ്തിക സൃഷ്ടിക്കുക.

മകനെ ആശുപത്രിയിൽ കൊണ്ടുപോയി സ്‌കൂട്ടറിൽ മടങ്ങുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു. ലോറിയുടെ ചക്രങ്ങൾ സന്ധ്യാറാണിയുടെ കാലിലൂടെ കയറിയിറങ്ങി. ഒരു കാൽ പൂർണ്ണമായും നഷ്ടമായി. അന്നുമുതൽ ചികിത്സയിലാണ്. ജോലിക്കും പോകാൻ കഴിഞ്ഞില്ല. ശമ്പളവും ആനുകൂല്യങ്ങളും ഇല്ലാതെ രണ്ട് വർഷമായി വീട്ടിൽ കഴിയുകയാണ്. മാധ്യമവാർത്തകളിലൂടെ സംഭവത്തെകുറിച്ച് അറിഞ്ഞ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി സന്ധ്യാറാണിയുടെ വീട്ടിലെത്തിയിരുന്നു. മന്ത്രിയുടെ ഇടപെടലാണ് തുണയായത്.