കണ്ണൂരിൽ പുതിയ എ.ഡി.എം വന്നു

Thursday 31 October 2024 2:24 AM IST

കണ്ണൂർ: ജീവനൊടുക്കിയ നവീൻ ബാബുവിനുപകരം കണ്ണൂരിൽ പുതിയ എ.ഡി.എമ്മായി കൊല്ലം പുനലൂർ സ്വദേശി സി.പത്മചന്ദ്രക്കുറുപ്പ് (55) ചുമതലയേറ്റു. നേരത്തെ ദേശീയപാത വിഭാഗത്തിലായിരുന്നു. പ്രതീക്ഷകളോടെയാണ് കണ്ണൂരിലേക്ക് എത്തിയതെന്നും ചുമതലയേൽക്കാൻ കാലതാമസം ഉണ്ടായിട്ടില്ലെന്നും വിവാദങ്ങൾ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നവീൻ ബാബുവിന്റെ മരണത്തിൽ നിയമപരമായ നടപടികൾ നടന്നിട്ടുണ്ട്. തുടർന്നും അങ്ങനെ തന്നെയാകും. 23നാണ് കൊല്ലത്ത് തനിക്ക് പകരക്കാരൻ എത്തിയത്. അതിനുശേഷമാണ് റിലീവ് ചെയ്തത്. നവീൻ ബാബുവിനെക്കുറിച്ച് കേട്ടിട്ടുണ്ടെന്നും നേരിട്ട് അറിയില്ലെന്നും പത്മചന്ദ്രക്കുറുപ്പ് പറഞ്ഞു. സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചതായി വന്ന റിപ്പോർട്ടുകൾ നിഷേധിച്ചു.
കൊല്ലം കളക്ടറേറ്റിൽ ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടറായിരുന്നു. മലപ്പുറം, എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഡെപ്യൂട്ടി കളക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ സ്വപ്ന പുനലൂർ വി.എച്ച്. എസ്.എസിൽ ഇൻസ്ട്രക്ടറാണ്. വിദ്യാർത്ഥികളായ ഐശ്വര്യ, അഭിഷേക് എന്നിവർ മക്കളാണ്.