സിദ്ധാർത്ഥിന്റെ മരണം: സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത് മാതാവ്
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിന് അദ്ധ്യാപക സംഘടന നടത്തുന്ന പണപ്പിരിവ് തടയാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള മൺപാത്ര നിർമ്മാണ സമുദായ സഭ (കെ.എം.എസ്.എസ് ) സംസ്ഥാന പ്രസിഡന്റ് ബി.സുബാഷ് ബോസ് ആറ്റുകാൽ ആവശ്യപ്പെട്ടു. കേസ് അട്ടിമറിക്കാനുള്ള നീക്കമാണിത്. സിദ്ധാർത്ഥിന്റെ കുടുംബത്തിന് നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഈ ആവശ്യമുന്നയിച്ച് കെ.എം.എസ്. എസ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. സിദ്ധാർത്ഥിന്റെ മാതാവ് ഷീബ ജയപ്രകാശും അമ്മാവൻ എം.ആർ. ഷിബുവും കുടുംബാംഗങ്ങളും ധർണയിൽ പങ്കെടുത്തു. കുറ്റവാളികൾക്ക് ശിക്ഷ കിട്ടുന്നതുവരെ സംഘടനയുടെ പോരാട്ടത്തിൽ കൂടെയുണ്ടാകുമെന്ന് ഷീബ പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ സി.കെ.ചന്ദ്രൻ, ഭാരവാഹികളായ എം.കെ.ചന്ദ്രൻ, ഉണ്ണികൃഷ്ണൻ എ.ജി, പി.ടി.രാജൻ,ലതിക രവീന്ദ്രൻ, കെ.പീതാംബരൻ, അനീഷ് ജി.വെമ്പായം, പി.കെ. ജനാർദ്ദനൻ, എസ്.സനൽ കുമാർ, ബിനു കുറക്കോട്, കെ.കെ.പ്രതാപൻ, സനീഷ് ഗോപി, ശിവദാസൻ ഇരിങ്ങത്ത്, ശാന്താമാച്ചൻ, സജിത്ത് തമ്പി, പ്രകാശൻ മിത്രക്കരി, വി.വിജയകുമാർ എന്നിവർ പങ്കെടുത്തു.