നവീൻബാബുവിന്റെ മരണം രാഷ്ടീയ ആയുധമാക്കരുത്: എം.ബി.രാജേഷ്
Thursday 31 October 2024 3:50 AM IST
പത്തനംതിട്ട: എ.ഡി.എം നവീൻബാബുവിന്റെ മരണം രാഷ്ട്രീയ ആയുധമാക്കുന്നത് ഉചിതമല്ലെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. നവീൻ ബാബുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.പി.ദിവ്യയുടെ നടപടി തെറ്റായതുകൊണ്ടാണ് അവർക്കെതിരെ അന്വേഷണം നടക്കുന്നത്. ഇതൊരു ദാരുണമായ സംഭവമാണ്. മന്ത്രിയെന്ന നിലയിൽ മാത്രമല്ല, താൻ രണ്ട് പെൺകുട്ടികളുടെ അച്ഛനാണെന്നും മനുഷ്യനായി കൂടിയാണ് ഇവിടെ വന്നതെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ വേദനയിലും മുന്നോട്ടുള്ള എല്ലാ കാര്യങ്ങളിലും കൂടെയുണ്ടാകും. അന്വേഷണത്തിൽ പഴുതടച്ച നടപടികൾ സർക്കാരും പാർട്ടിയും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവും ഒപ്പമുണ്ടായിരുന്നു.