എന്നിട്ടും കണ്ണൂർ നേതൃത്വം ദിവ്യയ്ക്കൊപ്പം തന്നെ # സംഘടനാ നടപടി ഉടനില്ല

Thursday 31 October 2024 3:01 AM IST

കണ്ണൂർ: എ.ഡി.എം കെ.നവീൻ ബാബുവിന്റെ മരണത്തിൽ പി.പി.ദിവ്യ റിമാൻഡിലായിട്ടും സംഘടനാ നടപടി ഉടൻ വേണ്ടെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനം. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് നടപടിയാണെന്നും ഇത് കീഴ്ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യാനും തീരുമാനിച്ചു. ശക്തമായ നടപടി വേണമെന്ന് പത്തനംതിട്ട ജില്ലാ ഘടകം ആവശ്യപ്പെട്ടിരുന്നു. അതാണ് നിരസിച്ചത്.

കഴിഞ്ഞ 27ന് തൃശൂരിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തരം താഴ്ത്തൽ ഉൾപ്പെടെ ഉചിതമായ നടപടികൾ കൈക്കൊള്ളാൻ കണ്ണൂർ ജില്ലാ നേതൃത്വത്തിന് അനുമതിയും നൽകിയിരുന്നു. ഇനി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് നിർണായകമാകും.

ദിവ്യ ജാമ്യാപേക്ഷ നൽകിയ സാഹചര്യത്തിൽ പാർട്ടി നടപടിയെടുക്കുന്നത് വിധിയെ സ്വാധീനിക്കുമെന്ന അഭിപ്രായം ഉയർന്നു. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമുണ്ടായശേഷം നടപടി കൈക്കൊള്ളാമെന്നായിരുന്നു പാർട്ടിയുടെ ആദ്യനിലപാട്.
നിയമ നടപടികൾക്കിടെ സംഘടനാ നടപടി ആവശ്യമില്ലെന്നാണ് കണ്ണൂർ നേതൃത്വത്തിന്റെ തീരുമാനം. ഉപതിരഞ്ഞെടുപ്പുകൾ കഴിഞ്ഞശേഷം സംസ്ഥാന സെക്രട്ടറി അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിൽ കാര്യങ്ങൾ ചർച്ച ചെയ്യാൻ തീരുമാനിച്ചു. സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ് ദിവ്യ.

ഇന്നലെ ചേർന്നത് പൂർണ്ണ സെക്രട്ടേറിയറ്റ് യോഗമല്ല. നാളെ മുതൽ ആരംഭിക്കുന്ന ഏരിയാ സമ്മേളനങ്ങളുമായി ബന്ധപ്പെട്ടതും മറ്റ് പതിവ് അജണ്ടകളുമാണ് പ്രധാന ചർച്ചയായത്. സമ്മേളന കാലളവിൽ അച്ചടക്ക നടപടി വേണ്ടെന്ന പാർട്ടി കീഴ്വഴക്കമാണ് സെക്രട്ടേറിയറ്റ് യോഗത്തിലുയർന്ന പൊതുവികാരം.

പ്രാദേശിക ഘടകങ്ങളിൽ ദിവ്യയ്ക്ക് അനുകൂലമായ വികാരം ഉയർന്നതാണ് നടപടികൾ വൈകിപ്പിക്കാൻ ജില്ലാ നേതൃത്വത്തെ പ്രേരിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട പൂർണ്ണ വിവരങ്ങൾ പുറത്ത് വരട്ടെയെന്ന നിലപാടാണ് ജില്ലാ സെക്രട്ടേറിയറ്റ് സ്വീകരിച്ചത്. പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചിരുന്നു.കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ പി.പി ദിവ്യയ്ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും എൽ.ഡി.എഫ് യോഗത്തിൽ പറഞ്ഞിരുന്നു.അതിനൊന്നും കണ്ണൂർ ജില്ലാ നേതൃത്വം വില കല്പിക്കുന്നില്ല.