പുറത്തിറങ്ങുമ്പോൾ ഇത് മറക്കല്ലേ; ഗൾഫ് രാജ്യത്തെ പുതിയ ചലഞ്ചിനെക്കുറിച്ച് നിങ്ങളറിഞ്ഞോ?
അബുദാബി: തങ്ങളുടെ സംസ്‌കാരത്തോടും വ്യക്തിത്വത്തോടുമുള്ള ആദരവ് കൂടുതൽ ദൃഢമാക്കാനുള്ള ശ്രമത്തിലാണ് യു എ ഇ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് മന്ത്രാലയം. ഒരു 'കമ്മ്യൂണിറ്റി ചലഞ്ച്' ആരംഭിച്ചിരിക്കുകയാണ് അധികൃതർ ഇപ്പോൾ.
തങ്ങളുടെ രാജ്യത്തെ പുരുഷന്മാരും ആൺകുട്ടികളും പുറത്തുപോകുമ്പോൾ ഘൂത്ര (‘ghutrah’) ധരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ ചലഞ്ച്. ഇത് അവിടെ വൈറലാകുകയും ചെയ്തു. കുട്ടികളും മുതിർന്നവരുമടക്കം നിരവധി പേരാണ് ഇത് ധരിച്ചുകൊണ്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
പരമ്പരാഗത ശിരോവസ്ത്രമായ ഘൂത്രയ്ക്ക് ഏറെ സാംസ്‌കാരിക പ്രാധാന്യമുണ്ട്. ഇവിടത്തെ പുരുഷന്മാരുടെ ഏറ്റവും പഴയ വസ്ത്രധാരണ രീതികളിലൊന്നാണിത്. ഇത് ധരിക്കാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നത് മുമ്പൊക്കെ അനാദരവായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. പരമ്പരാഗത വസ്ത്രധാരണത്തിന്റെ പ്രാധാന്യം ക്യാമ്പയിൽ എടുത്തുകാണിക്കുന്നു. #CommutiyChallenge എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഫോട്ടോ പങ്കുവയ്ക്കാനാണ് ചലഞ്ച്.
'നമ്മുടെ ഐഡന്റിറ്റിയും സംസ്‌കാരവും സംരക്ഷിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രശംസനീയമായ ശ്രമമാണ് കമ്മ്യൂണിറ്റി ചലഞ്ച്. ഇത് യുവതലമുറയെ നമ്മുടെ പൈതൃകവുമായി ബന്ധിപ്പിക്കുന്നു.'- അജ്‌മാനിൽ നിന്നുള്ള ഖാലിദ് മുഹമ്മദ് അൽ സുവൈദി പറഞ്ഞു.
'ഈ ചലഞ്ചിന് മാതാപിതാക്കളിൽ നിന്നും കുട്ടികളിൽ നിന്നും എന്തിന് യുവാക്കളിൽ നിന്നുപോലും വലിയ പിന്തുണയുണ്ടായി.'- കണ്ടന്റ് ക്രീയേറ്ററായ അബ്ദുൾറഹ്മാൻ വാദി പ്രതികരിച്ചു. ഈ ക്യാമ്പെയ്ൻ ഒരു പ്രാദേശിക സന്ദേശം മാത്രമല്ലെന്നും മറ്റും അഭിപ്രായമുയരുന്നുണ്ട്.