പാലക്കാട്ട് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രചരണത്തിന് ചുക്കാൻ പിടിക്കുന്നത് കൊലപാതകികൾ; ഡിവൈഎഫ്‌ഐ

Thursday 31 October 2024 12:46 PM IST

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ വിമർശനവുമായി ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി വി കെ സനോജ്. കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രചരണത്തിന് ചുക്കാൻ പിടിക്കുന്നത് കൊലപാതകികളും തട്ടിപ്പുകാരും വ്യാജ ഐഡിക്കേസ് പ്രതികളുമാണെന്ന് സനോജ് ആരോപിച്ചു.

ധീരജ് വധക്കേസ് പ്രതികളായ സോയി മോൻ, നിഖിൽ പൈലി, വ്യാജ ഐഡി കേസ് പ്രതി ഫെനി എന്നിവർ വിവിധയിടങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചരണത്തിൽ സജീവമാണ്. ക്രിമിനൽ സംഘത്തെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

കോൺഗ്രസിനെതിരെ പ്രവർത്തിച്ചാൽ ഇല്ലാതാക്കിക്കളയുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസംഗം അക്രമികൾക്കുള്ള ആഹ്വാനമാണ്. കെ കരുണാകരനെയും കെ മുരളീധരനെയും സ്നേഹിക്കുന്ന പാലക്കാട്ടെ വോട്ടർമാർക്കുള്ള മുന്നറിയിപ്പാണത്. ഇവരുടെ തട്ടിപ്പിലും വെല്ലുവിളിയിലും പാലക്കാട്ടെ നന്മയുള്ള വോട്ടർമാർ വീണുപോവരുത്. ഈ ക്രിമിനൽ ബുദ്ധികൾക്കെതിരെ നിലപാടെടുക്കുന്നവർക്ക് ധൈര്യമായി സരിന് വോട്ട് ചെയ്യാം. ഇങ്ങനെ വോട്ടുചെയ്യുന്നവർക്ക് ഡിവൈഎഫ്ഐ സംരക്ഷണമൊരുക്കുമെന്നും സനോജ് പാലക്കാട്ട് മാദ്ധ്യമങ്ങളോട് പറഞ്ഞു.