ഒരേ ത്രിവർണക്കൊടി പിടിച്ച് ഒരേ മുദ്രാവാക്യമുയർത്തി ഒരേ പാതയിൽ ദശാബ്ദങ്ങൾ യാത്ര ചെയ്‌തവർ, ഉമ്മൻ ചാണ്ടിയുടെ ഓർമ്മയിൽ ചെന്നിത്തല

Thursday 31 October 2024 2:23 PM IST

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 81-ാം ജന്മദിനത്തിൽ അദ്ദേഹത്തെ അനുസ്‌മരിച്ച് രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടി തീർത്ത സ്‌നേഹസാമ്രാജ്യം ഓർമ്മകൾ ശേഷിക്കുവോളം അവശേഷിക്കുമെന്നും, തളരാതെ മുന്നോട്ടു പോകാനുള്ള കരുത്താണ് ഉമ്മൻ ചാണ്ടിയെന്നും ചെന്നിത്തല കുറിച്ചു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ്-

ഒരേ ത്രിവർണക്കൊടി പിടിച്ച് ഒരേ മുദ്രാവാക്യമുയർത്തി ഒരേപാതയിൽ ദശാബ്ദങ്ങൾ യാത്ര ചെയതവർ..... ദീപ്തമായ സ്മരണകളുടെ കടലിരമ്പുന്നുണ്ട്. ഓർമ്മകളുടെ വാകമരങ്ങൾ പൂത്തു നിൽക്കുന്നു. പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി, നിങ്ങൾ തീർത്ത സ്‌നേഹസാമ്രാജ്യം മനുഷ്യർക്ക് ഓർമ്മകൾ ശേഷിക്കുവോളം അവശേഷിക്കും. നിങ്ങളുടെ അഭാവം കേരളത്തിന്റെ രാഷ്ട്രീയത്തിൽ നികത്തപ്പെടാനാവാതെ കിടക്കും. നിങ്ങൾ ഞങ്ങൾക്കു കരുത്താണ്. ഇനിയും തളരാതെ മുന്നോട്ടു പോകാനുള്ള ഊർജമാണ്.

1943 ഒക്ടോബർ 31ന് കോട്ടയത്തെ കുമരകത്തായിരുന്നു ഉമ്മൻ ചാണ്ടിയുടെ ജനനം. 1967ൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റായ ഉമ്മൻ ചാണ്ടി 1970ൽ പുതുപ്പള്ളിയിൽ നിന്ന് നിയമസഭയിൽ എത്തി. മരണം വരെയും പുതുപ്പള്ളി എംഎൽഎയായിരുന്നു അദ്ദേഹം. ഇതിനിടെ രണ്ടുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയുമായി.