അതിസമ്മർദ്ദത്തിൽ ഓഹരി വിപണി
കൊച്ചി: വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ആഗോള അനിശ്ചിതത്വങ്ങളും ഇന്ത്യൻ ഓഹരി വിപണിയെ കനത്ത സമ്മർദ്ദത്തിലാക്കുന്നു. നാല് വർഷത്തിനിടെയിലെ ഏറ്റവും വലിയ നഷ്‌ടത്തോടെയാണ് ഒക്‌ടോബർ അവസാനിക്കുന്നത്.. ഐ.ടി, എഫ്.എം.സി.ജി കമ്പനികളുടെ ഓഹരികളിലുണ്ടായ ഇടിവാണ് വിപണിക്ക് തിരിച്ചടി സൃഷ്‌ടിച്ചത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഒരു ലക്ഷം കോടി രൂപയിലധികമാണ് ഒക്‌ടോബറിൽ ഇന്ത്യയിൽ നിന്ന് പിൻവലിച്ചത്. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 553.12 പോയിന്റ് ഇടിഞ്ഞ് 79,389.06ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്‌റ്റി 135.50 പോയിന്റ് നഷ്‌ടത്തോടെ 24,205.30ൽ എത്തി. ബാങ്കിംഗ് ഓഹരികൾ ഒരു പരിധി വരെ ഇന്നലെ പിടിച്ചുനിന്നു.
ടെക്ക് മഹീന്ദ്ര, എച്ച്.സി.എൽ, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ കനത്ത വില്‌പ്പന സമ്മർദ്ദം നേരിട്ടു.
ഇപ്പോഴത്തെ സാഹചര്യത്തിൽ വിപണി കൂടുതൽ താഴേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര നിക്ഷേപകരുടെ പണമൊഴുക്ക് ശക്തമായി തുടരുന്നുവെങ്കിലും വിലത്തകർച്ച നേരിടാനാകുന്നില്ല.
നിക്ഷേപകർക്ക് ആശങ്കയേറുന്നു
1. ചൈനയിലെ സാമ്പത്തിക മേഖല ഉത്തേജക പാക്കേജുകളുടെ കരുത്തിൽ മെച്ചപ്പെട്ടതോടെ നിക്ഷേപകർ പണം അവിടേക്ക് മാറ്റുന്നു
2. അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമെന്ന വാർത്തകൾ നിക്ഷേപകർക്ക് ആശങ്ക സൃഷ്‌ടിക്കുന്നു
3. വിദേശ നിക്ഷേപകരുടെ പിന്മാറ്റം ഡോളറിനെതിരെ രൂപയുടെ മൂല്യയിടിവ് ശക്തമാക്കുന്നതിനാൽ നാണയപ്പെരുപ്പം വീണ്ടും കൂടിയേക്കും
4. കാലാവസ്ഥ വ്യതിയാനം ഇന്ത്യയിലെ ഗ്രാമീണ. കാർഷിക മേഖലകളിലെ ഉപഭോഗത്തെ പ്രതികൂലമായി ബാധിക്കുന്നു
രൂപയ്ക്ക് അടിതെറ്റുന്നു
അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെയും ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. റിസർവ് ബാങ്ക് പൊതു മേഖല ബാങ്കുകൾ വഴി വിപണിയിൽ ഇടപെട്ടുവെങ്കിലും രൂപയുടെ മൂല്യം ഇന്നലെ 84.07 വരെ താഴ്ന്നു. വിദേശ നിക്ഷേപകരുടെ പിന്മാറ്റമാണ് രൂപയ്ക്ക് സമ്മർദ്ദം സൃഷ്ടിക്കുന്നത്. അമേരിക്കയിൽ പലിശ നിരക്ക് കാൽ ശതമാനം കുറയുമെന്ന വാർത്തകളും രൂപയുടെ മൂല്യയിടിവ് ശക്തമാക്കി. എണ്ണകമ്പനകൾ മാസാവസാനം ഡോളർ വാങ്ങിയതും വിനയായി.