ആരുടേയും അപ്പന് വിളിച്ചിട്ടില്ല: സുരേഷ് ഗോപി

Friday 01 November 2024 12:56 AM IST

തിരുവനന്തപുരം: ആരുടേയും അച്ഛന് വിളിച്ചിട്ടില്ല,​ വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഒരുത്തന്റെയും തന്തയുടെ വകയല്ല എന്നല്ലേ പറഞ്ഞത്. ഇത് എല്ലായിടത്തും ഉപയോഗിക്കുന്നതല്ലേ. അത്രയേയുള്ളൂ. ആരുടെയും അപ്പന് വിളിച്ചതല്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം പറഞ്ഞത് ചങ്കൂറ്റമുണ്ടെങ്കിൽ എന്നാണ്. അത് സിനിമാ ഡയലോഗായി മാത്രം എടുത്താൽ മതി എന്ന് പറഞ്ഞിട്ടാണ് ബാക്കി പറഞ്ഞത്. അത് എങ്ങനെയാണ് ഒരാളെ മോശക്കാരനായി കാണിക്കാൻ ഉപയോഗിക്കുന്നത്. ആർക്കും അതിനുള്ള അവകാശമില്ല.

തൃശൂർ പൂര നഗരിയിലെത്താൻ ആംബുലൻസിൽ കയറിയത് കാലിന് പ്രശ്നമുണ്ടായിരുന്നത് കൊണ്ടാണ്. ആൾക്കൂട്ടത്തിനിടയിലൂടെ പോകാനാകുമായിരുന്നില്ല. കാറിൽ അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാണ് സ്ഥലത്തെത്തിയത്. ഗുണ്ടകൾ കാർ ആക്രമിച്ചപ്പോൾ അവിടെയുണ്ടായിരുന്ന യുവാക്കൾ രക്ഷപ്പെടുത്തുകയായിരുന്നു. ഇതെല്ലാം വിവാദമുണ്ടാക്കേണ്ട കാര്യമില്ല. സി.ബി.ഐയെ വിളിക്കാൻ ചങ്കൂറ്റമുണ്ടോ.

പൂരം കലക്കലിൽ എന്ത് വേണമെങ്കിലും ചെയ്യട്ടേ. തൃശൂരിലെ ജനങ്ങൾ വോട്ടു ചെയ്തതിന് കാരണം കരുവന്നൂർ വിഷയമാണ്. അത് മറയ്ക്കാനുള്ള ശ്രമമാണ് പൂരം കലക്കൽ ആരോപണം.

എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പെട്രോളിയം മന്ത്രിയുമായി സംസാരിച്ചിരുന്നു. കഴിഞ്ഞ 10 വർഷത്തിനകം നൽകിയ എൻ.ഒ.സി പരിശോധിക്കും.