"തെളിവുകൾ കൈയിലുണ്ട്"; മുഴുവൻ സത്യങ്ങളും പൊലീസിനോട് പറയുമെന്ന് തിരൂർ സതീഷ്
പാലക്കാട്: കൊടകര കുഴൽപ്പണ കേസിലെ മുഴുവൻ സത്യങ്ങളും പൊലീസിനോട് പറയുമെന്ന് ബിജെപി ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീഷ്. പണം കൈകാര്യം ചെയ്തതിന്റെ തെളിവുകൾ തന്റെ കൈയിലുണ്ടെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
സാമ്പത്തിക ക്രമക്കേട് നടത്തിയതിന് തന്റെ പേരിൽ നടപടി സ്വീകരിച്ചെന്ന് പറയുന്നതെന്ന് നുണയാണെന്നും സതീഷ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലത്ത് ബി ജെ പി ഓഫീസിൽ പണമൊഴുകി. തൃശൂർ ബി ജെ പി ഓഫീസിൽ കോടികൾക്ക് കാവൽ നിന്നു.
കള്ളപ്പണം കൈകാര്യം ചെയ്തത് ബി ജെ പി മുൻ ജില്ലാ ട്രഷറർ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണ് കോടികൾ വരുന്ന കുഴൽപ്പണമായി എത്തിച്ചതെന്ന് സതീഷ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. കുൽപ്പണം കൊണ്ടുവന്നവർക്ക് മുറി ബുക്ക് ചെയ്തത് ജില്ലാ ട്രഷറർ ആവശ്യപ്പെട്ടത് പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'കൊടകര കുഴപ്പണ ഇടപാട് യഥാർത്ഥത്തിൽ നടന്ന സംഭവം തന്നെയാണ്. സംഭവം നടക്കുന്നതിന് തലേദിവസം രാത്രി തൃശൂർ ജില്ലാ ഓഫീസിലാണ് പണം എത്തിയത്. പണം കൊണ്ടുവന്ന ധർമ്മരാജനും കൂട്ടാളികൾക്കും ജില്ലാ ഓഫീസിൽ നിന്ന് പറഞ്ഞതനുസരിച്ചാണ് ഞാൻ താമസിക്കാൻ സൗകര്യം ചെയ്തുകൊടുത്തത്. പുലർച്ചെ അവർ പോയതിന് ശേഷമാണ് കൊടകരയിൽ സംഭവം ഉണ്ടായത്. ബിജെപിക്ക് വേണ്ടിവന്ന പണം തന്നെയാണിത്. പൊലീസിന്റെ കുറ്റപത്രത്തിൽ ഇക്കാര്യം പറയുന്നുണ്ട്.
ധർമ്മരാജൻ ആദ്യമായി ജില്ലാ കമ്മിറ്റി ഓഫീസിൽ വരുമ്പോൾ സംസ്ഥാന അദ്ധ്യക്ഷനും ജില്ലാ അദ്ധ്യക്ഷനും ഉണ്ടായിരുന്നു. അവരോട് സംസാരിച്ചതിനുശേഷം അയാൾ പോയി. ധർമ്മരാജൻ പോയതിനുശേഷമാണ് തിരഞ്ഞെടുപ്പിന് വേണ്ട മെറ്റീരിയലുകൾ എത്തിക്കുന്നയാളാണെന്ന് പറഞ്ഞത്. ആറുചാക്കുകൾ ഓഫീസിന് മുകളിൽ കൊണ്ടുവച്ചതിനുശേഷമാണ് അതിനുള്ളിൽ പണമാണെന്ന് അറിഞ്ഞത്'- എന്നായിരുന്നും തിരൂർ സതീഷ് ഇന്നലെ പറഞ്ഞത്.
സുരേന്ദ്രനെ രക്ഷിക്കാൻ ഇഡിയും പൊലീസും തമ്മിൽ മത്സരം
കൊടകര കുഴൽപ്പണ കേസിൽ നിന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെ രക്ഷിക്കാൻ പൊലീസും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും തമ്മിൽ മത്സരമാണെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.