'ദേ വന്നു, ദാ പോയി', ചടങ്ങിന് അരമണിക്കൂ‌ർ മുമ്പേ എത്തി; ആളുകളെത്തും മുമ്പ് ഉദ്ഘാടനം നടത്തി സുരേഷ് ഗോപി സ്ഥലംവിട്ടു

Friday 01 November 2024 9:13 AM IST

തൃശൂർ : കേന്ദ്രമന്ത്രി വന്നതും ഉദ്ഘാടനം നടത്തിപ്പോയതും ആരും അറിഞ്ഞില്ല. ഓടിക്കിതച്ച് ഡിവിഷൻ കൗൺസിലറും ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡറും എത്തിയപ്പോഴേക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം നടത്തി സ്ഥലം വിട്ടിരുന്നു.

രാജ്യസഭാ എം.പിയായിരിക്കെ സുരേഷ്‌ഗോപിയുടെ എം.പി ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ ചെലവിൽ നവീകരിച്ച ശക്തൻ മത്സ്യമാർക്കറ്റിലെ ശുചിമുറി ബ്ലോക്കിന്റെയും കിണർ പുനരുദ്ധാരണത്തിന്റെയും സമർപ്പണ ചടങ്ങാണ് 'ദേ...വന്നു...ദാ പോയി' എന്നായത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നായിരുന്നു സമർപ്പണ ചടങ്ങ് പറഞ്ഞതെങ്കിലും മൂന്നുമണിയോടെ തന്നെ മാർക്കറ്റിൽ എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി 20 മിനിട്ടോളം കാറിൽ തന്നെ ഇരുന്നു. തുടർന്ന് 3.20 ന് മേയർ എം.കെ. വർഗീസ് എത്തിയപ്പോൾ മാത്രമാണ് കാറിൽ നിന്നും ഇറങ്ങിയത്. ഉടനെ നാട മുറിച്ച് ചടങ്ങുകൾക്ക് തുടക്കം കുറിച്ച അദ്ദേഹം മൂന്നടി ഉയരത്തിലുള്ള മെഴുകുതിരിയിൽ തിരി തെളിിച്ചാണ് സമർപ്പണച്ചടങ്ങ് നിർവഹിച്ചത്.


ചടങ്ങിന് ശേഷം ഏതാനുംപേർ നിവേദനങ്ങളുമായി കേന്ദ്രമന്ത്രിയുടെ സമീപത്ത് നിൽക്കുന്നതിനിടെ കരോളിൻ ജെറീഷ് സ്വാഗതപ്രസംഗം തുടങ്ങി. ഇതും ശബ്ദപ്രശ്‌നമുണ്ടാക്കിയതോടെ അതും ഒഴിവാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം പറഞ്ഞ സമയത്തിന് മുമ്പേ ചടങ്ങ് നടന്നതോടെ ഡിവിഷൻ കൗൺസിലർ സിന്ധു ആന്റോ ചാക്കോള, ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് വിനോദ് പൊള്ളാഞ്ചേരി അടക്കമുള്ള നേതാക്കൾക്കോ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല.


മേയർക്ക് പുറമെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കരോളിൻ ജെറീഷ് പെരിഞ്ചേരി, കൗൺസിലർ കെ.ജി. നിജി എന്നിവർ പങ്കെടുത്തു. ചടങ്ങിൽ മുഖ്യാതിഥിയാകേണ്ട പി. ബാലചന്ദ്രൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ എം.എൽ. റോസി, പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ, ഭരണ പ്രതിപക്ഷ കൗൺസിലർമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തില്ല. സ്റ്റേജ് വേണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നെങ്കിലും കോർപറേഷൻ സ്റ്റേജ് ഒരുക്കിയിരുന്നു. കരിമരുന്ന് പ്രയോഗവും ഉണ്ടായിരുന്നു.