94-ാം വയസിലും മാറ്റക്കച്ചവടത്തിൽ മാറ്റമില്ലാതെ പത്രോസ് ചേ‌ട്ടൻ

Saturday 02 November 2024 12:39 AM IST

അങ്കമാലി: 94ന്റെ നിറവിലും കാർഷിക വൃത്തിയിൽ സജീവമായി തുറവൂർ പഞ്ചായത്ത് കനാൽ കവലക്ക് സമീപം താമസിക്കുന്ന പാനി കുളങ്ങര വീട്ടിൽ പത്രോസ് ചേട്ടൻ ഏവർക്കും വിസ്മയമാകുന്നു. ഏത്തക്കായ, പൂവൻ, ഞാലിപ്പൂവൻ പഴങ്ങളും പച്ചക്കറികളും സ്വന്തമായി കൃഷിചെയ്യുന്ന പത്രോസ് ചേട്ടൻ മാറ്റക്കച്ചവടത്തിലൂടെയാണ് ഉപജീവനമാർഗം കണ്ടെത്തുന്നത്. പണമില്ലാഞ്ഞിട്ടല്ല അദ്ദേഹം ഈ ശൈലി തുടരുന്നത്. ഈ കൈമാറ്റ രീതിയിൽ ഏറെ സന്തോഷം കാണുന്നയാളാണ് പത്രോസ് ചേട്ടൻ.

ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുന്ന ഈ പഴയ എട്ടാംക്ലാസുകാരൻ ഉപജീവനത്തിനായി കാർഷിക വൃത്തിയാണ് തിരഞ്ഞെടുത്തത്. അന്നത്തെ കാലത്ത് എട്ടാംതരം പഠിച്ചവർക്ക് അദ്ധ്യാപക വൃത്തിയുൾപ്പെടെയുള്ള ജോലികൾ ലഭിക്കുമായിരുന്നിട്ടും മാതാപിതാക്കൾ അതിനൊന്നും വിട്ടില്ല. കൂടെ പഠിച്ചവർ പലരും നല്ല നിലയിലെത്തിയെങ്കിലും കാർഷിക വൃത്തി തിരഞ്ഞെടുത്ത പത്രോസ് ചേട്ടന് ഒരു നിരാശയുമില്ല.

രാവിലെ ചായക്കടയിലെത്തി ചായ കുടിച്ച് പത്രപാരായണത്തിലും നാട്ടു ചർച്ചകളിലും പങ്കെടുക്കും. ചായയുടെ പൈസക്കായി പഴയ മാറ്റക്കച്ചവടം ഓർമ്മപ്പെടുത്തുംവിധം തേങ്ങയാണ് നൽകുന്നത്. പലവ്യഞ്ജനക്കടയിലും സാധനങ്ങൾ വാങ്ങി കാർഷികോല്പന്നങ്ങൾ പകരം നൽകുന്നു. സമീപത്തെ ഗ്രന്ഥശാലയിൽ നടക്കുന്ന പരിപാടികളിലും മറ്റും പത്രോസ് ചേട്ടന്റെ സാന്നിദ്ധ്യം ഉറപ്പാണ്. സംസാരം വളരെ കുറവാണെങ്കിലും പറയുന്നതെല്ലാം കഴമ്പുള്ളത് മാത്രം. എന്തെങ്കിലും അസുഖം വന്നാൽ ഒന്നര കിലോമീറ്റർ നടന്ന് തുറവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തും. ഈ പ്രായത്തിൽ ആകെയുള്ള പ്രശ്നം ചെറിയൊരു കേൾവിക്കുറവ് മാത്രം. യാത്രകൾ ഇഷ്ടപ്പെടുന്ന പത്രോസ് ചേ‌ട്ടൻ മസ്കറ്റ്, ദുബായ്, കാനഡ എന്നീ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്.